
മൈസൂരു : മൈസൂരുവിൽ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. സ്വകാര്യ സ്കൂൾ അധ്യാപികയായ സുശീലയാണ് സാമ്പത്തിക തർക്കങ്ങളുടെ പേരിൽ അൻപതുകാരനായ ഭർത്താവ് നിത്യാനന്ദയെ കൊലപ്പെടുത്തിയത്. മൈസൂരു കുവേംപു നഗറിലാണ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് സംസ്കരിക്കാൻ ശ്രമിച്ചതിന് പിന്നാലെ ഭാര്യ പിടിയിലായത്.
മരിച്ച നിത്യാനന്ദയുടെ കഴുത്തിലെ പാട്, സംസ്കാര ശ്രമങ്ങൾക്കിടെ സഹോദരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചോദ്യങ്ങൾക്ക് നിത്യാനന്ദയുടെ ഭാര്യ കൃത്യമായ ഉത്തരം നൽകാതെ വന്നതോടെ ഇയാൾ വിവരം പൊലീസിന് അറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് സുശീല സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ നിത്യാനന്ദയെ ഉറങ്ങി കിടക്കുന്നതിനിടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുശീല സമ്മതിച്ചു.
ഇതിന് ആൺസുഹൃത്തായ ഹരിഷിന്റെയും അയാളുടെ മൂന്ന് ജോലിക്കാരുടേയും സഹായവും കിട്ടിയിരുന്നു. ഹരീഷിനെയും രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾക്കായി തിരച്ചിൽ ആരംഭിച്ചതായി കുവേംപു നഗർ പൊലീസ് വ്യക്തമാക്കി. 10 വർഷം മുൻപ് വിവാഹിതരായ നിത്യാനന്ദയും സുശീലയും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയും സുശീലയും ഹരീഷും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുമായിരുന്നു വഴക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് സുശീല ഹരീഷിന്റെയും മറ്റ് മൂന്ന് പേരുടേയും സഹായത്തോടെ നിത്യാനന്ദയെ കൊലപ്പെടുത്തിയത്. അടുത്ത ദിവസം രാവിലെ നിത്യാനന്ദയെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ ഒരു സുഹൃത്ത് അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷമാണ് നിത്യാനന്ദയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരെ സുശീല മരണവിവരം അറിയിച്ചത്. ഇതും സംശയത്തിന് കാരണമായി.







