
എറണാകുളം: കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് വന്ന മെമു ട്രെയിനില്‍ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മംഗലത്ത് വീട്ടില്‍ സജിയാണ് (55) എറണാകുളം റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷൻ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനില്‍ യാത്രക്കാർ കുറവായിരുന്നു. തിരുവല്ല സ്റ്റേഷനില്‍ നിന്നു കയറിയ പ്രതി എറണാകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിയായ യുവതിയുടെ സമീപമാണ് ഇരുന്നത്. തുടർന്ന് ദേഹത്ത് സ്പർശിച്ചപ്പോള്‍ യുവതി കൈ തട്ടിമാറ്റി. ഇതിനു ശേഷം എതിർവശത്തെ സീറ്റിലേക്ക് മാറിയിരുന്നാണ് നഗ്നതാ പ്രദർശനം നടത്തിയത്.
ഇതോടെ മറ്റൊരു സീറ്റിലേക്ക് യുവതി മാറിയെങ്കിലും ഇയാള്‍ പിന്തുടർന്ന് അടുത്ത സീറ്റില്‍ വന്നിരുന്നു. ഭയചകിതയായ യുവതിയോട് സമീപത്തിരുന്ന യാത്രക്കാരി വിവരം തിരക്കി. ഇവർ സജിയുടെ ചിത്രം മൊബൈലില്‍ പകർത്തിയ ശേഷം റെയില്‍വേ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിന് വിവരം കൈമാറി. ഇതോടെ പ്രതി ട്രെയിനിന്റെ മറ്റൊരു കോച്ചിലേക്ക് കടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.
പൊലീസിനെ കണ്ട് പ്ലാറ്റ്ഫോമില്‍ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐ സാജു പോളിന്റെ നേതൃത്വത്തില്‍ പിടികൂടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.







