
കോഴിക്കോട്: വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരായക്കുപ്പി കണ്ടെത്തിയ സംഭവത്തെ തുടർന്ന് താമരശ്ശേരി മേഖലയിൽ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ചമൽ വേനക്കാവ് കൊളമല വനമേഖലയ്ക്ക് സമീപം നടത്തിയ പരിശോധനയിൽ 110 ലിറ്റർ ചാരായം പിടിച്ചെടുത്തു. വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ കുപ്പിക്ക് സമാനമായ 220 കുപ്പികളിലായി നിറച്ച നിലയിലായിരുന്നു ചാരായം സൂക്ഷിച്ചിരുന്നത്.
കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായാണ് അർധരാത്രിയിൽ പരിശോധന നടത്തിയത്. വനമേഖലയ്ക്ക് സമീപം ഒളിപ്പിച്ച നിലയിലായിരുന്ന ചാരായമാണ് സംഘം കണ്ടെത്തിയത്.
അതേസമയം, താമരശ്ശേരി എക്‌സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ഗിരീഷ് കെ.യുടെ നേതൃത്വത്തിൽ ചമൽ പ്രദേശത്ത് നടത്തിയ മറ്റൊരു റെയ്ഡിൽ 200 ലിറ്റർ വാഷും കണ്ടെത്തി നശിപ്പിച്ചു. പരിശോധനയ്ക്കിടെ സിവിൽ എക്‌സൈസ് ഓഫീസർ റനീഷ് കെ. പി. പാറക്കൂട്ടങ്ങൾക്കിടയിൽ വഴുതി വീണ് ഇടത് ചുമലിന് പരിക്കേറ്റു. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാരായം നിർമിച്ച് വിതരണം ചെയ്യുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






