
ന്യൂഡൽഹി: അയോധ്യ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജിവെച്ചതായി ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇരുവരും സ്ഥാനമൊഴിഞ്ഞതെന്ന് ട്രസ്റ്റ് അറിയിച്ചു. സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തുമെന്നും, ഭക്തർ സമർപ്പിച്ച സ്വർണവും വെള്ളിയും സുരക്ഷിതമാണെന്നും ട്രസ്റ്റ് വ്യക്തമാക്കി.
ഭക്തർ ക്ഷേത്രത്തിന് സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്നാണ് വിവാദം ശക്തമായത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ച ഉത്തർപ്രദേശ് സർക്കാർ അന്വേഷണം തുടരുകയാണ്. എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് രാജി സ്ഥിരീകരിച്ചത്.
കേസിൽ ചമ്പത് റായിയുടെ ഡ്രൈവർ ഉൾപ്പെടെ എട്ട് പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷണം, ക്രിമിനൽ വിശ്വാസവഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






