Spread the love

ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വൻ അഴിച്ചുപണിക്കു സാധ്യതയെന്നു റിപ്പോർട്ട്. സുപ്രധാന വകുപ്പുകളടക്കം വച്ചുമാറിയും വിവാദത്തിലുള്‍പ്പെട്ട മന്ത്രിമാരെ ഒഴിവാക്കിയും മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും നാളെയോ തിങ്കളാഴ്ചയോ ഇതുസംബന്ധിച്ചു പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

video
play-sharp-fill

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചതോടെയാണ് മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. രാഷ്ട്രപതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെതന്നെ ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയത് പുനഃസംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിക്കാനാണെന്നാണു കരുതപ്പെടുന്നത്.

ധർമേന്ദ്ര പ്രധാനും പുറത്തേക്ക്?
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുള്ള വിവാദങ്ങളില്‍പ്പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും എപ്സ്റ്റീൻ ഫയല്‍സ് വിവാദത്തില്‍ പ്രതിച്ഛായ നഷ്ടമായ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് റിപ്പോർട്ടുകള്‍.
തുടർച്ചയായുണ്ടായ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പുരിക്കു പകരം പഞ്ചാബില്‍നിന്നുള്ള മറ്റൊരു സിക്ക് നേതാവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകുപ്പുകളില്‍ മാറ്റം
മോദിസർക്കാരില്‍ ദീർഘകാലമായി ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന നിർമല സീതാരാമന് പുനഃസംഘടനയുടെ ഭാഗമായി പുതിയ വകുപ്പ് നല്‍കിയേക്കും. ധർമേന്ദ്ര പ്രധാൻ ഒഴിയുന്ന വിദ്യാഭ്യാസവകുപ്പായിരിക്കും നിർമലയ്ക്ക് നല്‍കുകയെന്നാണു റിപ്പോർട്ടുകള്‍.
ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന നിതിൻ ഗഡ്കരിയുടെയും വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന മനോഹർ ലാല്‍ ഖട്ടറിന്റെയും വകുപ്പുകള്‍ക്ക് മാറ്റമുണ്ടായേക്കും.

റിസർവ് ബാങ്ക് മുൻ ഗവർണറും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയുമായ ശക്തികാന്ത ദാസ്, ബിഹാറില്‍ ബിജെപിക്കുവേണ്ടി മുഖ്യമന്ത്രിസ്ഥാനം ത്യജിച്ച ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ കാബിനറ്റിലെത്തിയേക്കും. ധനവകുപ്പ് നിർമല ഒഴിഞ്ഞാല്‍ പകരം ശക്തികാന്ത ദാസയായിരിക്കും ഈ വകുപ്പിലേക്കെത്തുകയെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.

വേലിചാട്ടത്തിനു പ്രതിഫലം
ആം ആദ്മി പാർട്ടിയില്‍നിന്നു കൂറുമാറിയ എംപിമാരില്‍ ഒരാള്‍ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടേക്കാം. രാഘവ് ഛദ്ദ, അശോക് മിത്തല്‍ എന്നിവരില്‍ ഒരാളെയായിരിക്കും ഉള്‍പ്പെടുത്തുക.
പ്രതിപക്ഷത്തില്‍നിന്ന് ആറ് എംപിമാരെ എൻഡിഎ പാളയത്തിലേക്കെത്തിച്ചതിന് ശിവസേന ഷിൻഡെ വിഭാഗത്തിനും പ്രതിഫലം ലഭിക്കും. കൂറുമാറ്റത്തിന് കളമൊരുക്കിയ ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയ്ക്ക് കാബിനറ്റ് പദവിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. തൃണമൂലിന്റെ 20 വിമത എംപിമാരില്‍നിന്ന് ഒരാള്‍ക്കും പുതിയ മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായേക്കുമെന്നാണ് സൂചന.