
എറണാകുളം : സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മെന്റലിസ്റ്റ് ആദി (ആദർശ്), സംവിധായകൻ ജിസ് ജോയി എന്നിവർക്ക് തിരിച്ചടി. ഇവർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പരാതിക്കാരനുമായി തർക്കം ഒത്തുതീർപ്പായെന്ന വാദം ചൂണ്ടിക്കാണിച്ചാണ് പ്രതികൾ ഹർജി സമർപ്പിച്ചത്. എന്നാൽ പരാതിക്കാരൻ ഒത്തുതീർപ്പിന് തയ്യാറായിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സിഎസ് ഡയസ് ഹർജി തള്ളിയത്.
മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ എന്ന മെന്റലിസം പരിപാടിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപ തുകയും അതിന്റെ മൂന്നിലൊന്ന് ലാഭ വിഹിതവും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ആദി. പരിപാടിയുടെ കോ-പ്രൊഡ്യൂസർമാരായ മിഥുൻ, അരുൺ എന്നിവരെ രണ്ടും മൂന്നും പ്രതികളായും പരിപാടിയുടെ സംവിധായകനായ ജിസ് ജോയിയെ നാലാം പ്രതിയായും കേസിൽ പ്രതിചേർത്തിട്ടുണ്ട്.





