
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശ (ESA) വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങള്‍ സംസ്ഥാന സർക്കാർ ശക്തമാക്കുന്നു.
ജനവാസ മേഖലകളും കൃഷിഭൂമികളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുമെന്ന ആശങ്ക വ്യാപകമായ സാഹചര്യത്തില്‍, സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രസർക്കാരിനെ അടിയന്തരമായി അറിയിക്കാൻ സർക്കാർ തീരുമാനിച്ചു.
വൈദ്യുതി, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പരിസ്ഥിതി സെക്രട്ടറി എം.ജി. രാജമാണിക്യവും പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഇതിനായി കേരളം മുമ്പ് സമർപ്പിച്ച നിർദേശങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവയ്ക്കാനും യോഗം തീരുമാനിച്ചു.
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സർക്കാർ പ്രാദേശിക തലങ്ങളില്‍ നടത്തിയ പഠനങ്ങളും ശുപാർശകളും കേന്ദ്രം പുതുതായി നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ വിഷയങ്ങള്‍ വിശദീകരിക്കുന്നതിനായി വിദഗ്ധ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി.







