Spread the love

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പര്‍ ലോറി അപകടത്തില്‍ ടിപ്പര്‍ ഉടമ അക്ബറിനെയും കേസില്‍ പ്രതി ചേര്‍ക്കും. ലോറി ഉടമയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു. ഹെവി ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയത് അക്ബര്‍ അറിഞ്ഞുകൊണ്ടാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചിരുന്നു.

video
play-sharp-fill

മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഉടമയെ പ്രതി ചേര്‍ക്കുക. ഇതില്‍ ലോറിയോടിച്ച ഡ്രൈവര്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ഇയാള്‍ ആദ്യമായി കഴിഞ്ഞ ദിവസമാണ് വാഹനം ഓടിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കൂടുതൽ വകുപ്പുകൾ തുടർ പരിശോധനയ്ക്ക് ശേഷം ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും മേൽ നടപടികൾ സ്വീകരിക്കുക. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 16 വര്‍ഷം പഴക്കമുള്ള വാഹനമാണ് അപകടമുണ്ടാക്കിയത് എന്ന് തെളിഞ്ഞിരുന്നു. ഓവര്‍ലോഡുമായാണ് വാഹനം സഞ്ചരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറി ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group