
കോട്ടയം: വീണ്ടും റോബിൻ ബസ് – എംവിഡി തർക്കം മുറുകുന്നു.
കോട്ടയം ഈരാറ്റുപേട്ടയില്‍ വെച്ച് കാഞ്ഞിരപ്പള്ളി – പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് എംവിഡി തടഞ്ഞിരുന്നു. ഇപ്പോള്‍ പതിവ് പോലെ സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്നാണ് റോബിൻ മോട്ടേഴ്സ് ഉടമ ഗിരീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്.
വിലയില്ലെന്ന് ഏമാൻ പറഞ്ഞ അതേ കോടതി ഉത്തരവിന്റെ ബലത്തിലാണ് സർവീസ് എന്നും പോസ്റ്റില്‍ വെല്ലുവിളിയുണ്ട്. ഇനി ഏമാൻ ഈ സൈസ് പരിപാടി അവതരിപ്പിക്കാൻ വരുമ്പോള്‍ മിനിമം വണ്ടി ഓടിക്കാൻ അറിയുന്ന ഒരാളെയെങ്കിലും കൂട്ടിക്കൊണ്ടു വരണമെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് രാത്രി എട്ടുമണിക്ക് ബസ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ബസ് ഉടമ ഗിരീഷ് പ്രതികരിച്ചത്.
പിന്നില്‍ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവില്‍ പെർമിറ്റ് ഇല്ലെങ്കില്‍ ഇത്രയും നാള് ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു.
2003 മുതല്‍ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നല്കാൻ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നല്‍കുന്നുണ്ട്. ജൂണ്‍ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോള്‍ നാല് ബസ്സുകളുണ്ട്. ഒരു ബസ്സിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.







