
കൊച്ചി: മാസപ്പടി കേസിലെ നിർണായക എസ്എഫ്ഐഒ രേഖകൾ ഇഡിക്ക്. കോടതിയിൽ ഹാജരാക്കിയ 134 സുപ്രധാന രേഖകളാണ് ഇഡിക്ക് ലഭിച്ചത്.
കോടതിയിൽ സമർപ്പിച്ച സോഫ്റ്റ് കോപ്പി ഇഡി കൈപറ്റി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയെ ചോദ്യം ചെയ്യുന്നതിൽ നിർണായകമാവുന്ന രേഖകളായിട്ടാണ് ഇവയെ കാണുന്നത്.
വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദനികുതി റിട്ടേണുകളടക്കമുള്ള സുപ്രധാന രേഖകളാണ് പിഎംഎൽഎ കോടതി വഴി ഇഡിക്ക് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ രേഖകൾ ലഭിച്ചതോടെ അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള വീണയെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്കും തുടർനടപടികളിലേക്കും കടക്കാൻ ഇഡിക്ക് സാധിക്കും.
അതേസമയം, സാമ്പത്തിക ഇടപാടുകളെക്കുറിച്ചറിയാൻ വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടത്തിയത്. കേസിൽ വീണയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും വിളിപ്പിച്ചേക്കും. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐടി കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.
എക്സാലോജിക് നൽകിയ ഐടി സേവനങ്ങൾക്കുള്ള പ്രതിഫലമെന്ന നിലയിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നും, എന്നാൽ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങൾക്ക് ആധാരമായത്.
തുടർന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ഈ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിച്ചു.
ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തത്.







