Spread the love

താര സംഘടനയായ അമ്മയും അൻസിബ ഹസനുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കിടെ വലിയൊരു കുറിപ്പുമായി നടി ലക്ഷ്മി പ്രിയ.

video
play-sharp-fill

അവനവൻ വിചാരിച്ചാല്‍ മാത്രം തളരുന്ന ജനുസ്സ് ആണ് തന്റേതെന്ന് ലക്ഷ്മി പ്രിയ പറയുന്നു. തനിക്ക് ജാതി മത ചിന്തകളിലെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ, സനാതന ധർമ്മ വിശ്വാസിയാണ് താനെന്നും പറഞ്ഞു. നടി ഉഷ ഹസീനയ്ക്ക് എതിരെയും ലക്ഷ്മി പ്രിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

 

ലക്ഷ്മി പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചിലരുണ്ട്, അമ്മയായും അമ്മയിയായും ഒക്കെ വർഷങ്ങളായി കൂടെ കാണും. അവസരം വരുമ്പോ കട്ടപ്പയെ പോലെ പിന്നില്‍ കുത്തി വീഴ്ത്തും, ചത്തു എന്ന് കരുതി വീണ്ടും വീണ്ടും ചവിട്ടിയരയ്ക്കും. അവർ അറിയുന്നില്ല, നമ്മുടെ ഉള്ളിലെ ആത്മീയ ശക്തിയെപ്പറ്റി. പുലി പതുങ്ങുന്നത് ഒളിയ്ക്കാൻ അല്ല. കൂടുതല്‍ ശക്തമായി മുന്നോട്ട് കുതിക്കാനാണ്. അവനവൻ വിചാരിച്ചാല്‍ മാത്രം തളരുന്ന ജനുസ്സ് ആണ് എന്റേത്. മനുഷ്യൻ, അനുഭവങ്ങളുടെ മൂശയില്‍ വാർക്കപ്പെട്ടതാവണം. ഒരു ശക്തിയ്ക്കും അങ്ങനെയുള്ളവരെ തച്ചുടയ്ക്കാൻ ആവില്ല.

 

1. എന്താണ് എന്റെ മതം? മതത്തെക്കുറിച്ച്‌ ആവർത്തിച്ചു പറയുകയും എഴുതുകയും ചെയ്യുന്നത് എന്നില്‍ ലജ്ജ ഉണ്ടാക്കുന്നു.പത്തു കിതാബും ഓതി തികഞ്ഞത് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന എന്റെ വാപ്പുമ്മ എന്നെ മതം പഠിപ്പിച്ചില്ല. എന്റെ വീട്ടിലും ഓണാട്ടുകര പ്രദേശത്തും മതം കല്യാണത്തിനും മരണത്തിനും മാത്രം നോക്കുന്ന ഒരു അപൂർവ സംഭവം ആയിരുന്നു. ഞാൻ മുസ്ലിം മതത്തില്‍ ജനിച്ചവള്‍ എന്ന ഫീല്‍ പോലും എന്റെ പതിനാറാം വയസ്സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെ വാർഡില്‍ സർജറി കഴിഞ്ഞു കിടന്നപ്പോള്‍ പോയതാണ്. കാരണം, അന്ന് പുലയ സമുദായത്തില്‍പ്പെട്ട ഒരു അമ്മൂമ്മയായിരുന്നു അവരുടെ വെള്ളപ്പാണ്ട് പിടിച്ച കൈ കൊണ്ട് എന്റെ പല്ല് തേപ്പിച്ചു തന്നിരുന്നതും ഭക്ഷണം വാരി തന്നിരുന്നതും. മൂത്രം എടുത്തതും ദേഹം തുടച്ച്‌ തന്നതുമൊക്കെ ആ വാർഡിലെ മുഴുവൻ കൂട്ടിരുപ്പുകാരായ അമ്മമാരും ചേർന്ന് ആയിരുന്നു. അന്ന് എന്നില്‍ നിന്നും ഇറങ്ങിപ്പോയതാണ് എന്നിലെ ജാതി മത ചിന്തകള്‍.

 

2. എന്നാല്‍ സനാതന ധർമ്മത്തിന്റെ അലകള്‍ എന്നില്‍ ഉണ്ടായിരുന്നു. ചാരം മൂടിയ കനല്‍ പോലെ. അത് ഒരു മനോഹരമായ ജീവിത ചര്യയാണ്. അല്ലാതെ അതൊരു മതം അല്ല. ധ്യാന ശ്ലോകങ്ങളും മന്ത്രങ്ങളും സംസ്‌കൃത കഥകളും ചെറുപ്പം മുതല്‍ക്കേ നൃത്തം അഭ്യസിച്ചത് കൊണ്ട് എന്നായിരുന്നു എന്റെ വിശ്വാസം. വിവാഹ ശേഷം ഭർത്താവിന്റെ മതം പിന്തുടരണം എന്ന് എനിക്ക് നിർബന്ധമുള്ളതിനാല്‍ ഹിന്ദു മതം സ്വീകരിച്ചു. ഒന്നും രണ്ടും കൊല്ലം മുൻപല്ല. 23 കൊല്ലങ്ങള്‍ക്ക് മുൻപ്, എന്റെ പതിനെട്ടു വയസ്സില്‍. അതിന് ശേഷം ആണ് എന്റെ സ്വത്വം ഞാൻ തിരിച്ചറിയുന്നത്. എന്റെ കുടുംബ പരമ്പരയായ ഏഴു തലമുറയെയും എന്റെ പാരമ്പര്യത്തെക്കുറിച്ചും ബോധ്യം ഉള്ളത് കൊണ്ടാണ് അത്.

 

3. കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല എന്ന പേരില്‍ 2019 ല്‍ എന്റെ ആത്മകഥ പുറത്ത് വന്നപ്പോള്‍ അതില്‍ ഞാൻ എഴുതിയത് വായിച്ചാണ് ഞാൻ മുസ്ലിം ആയിരുന്നു എന്ന് എല്ലാവരും അറിയുന്നത്. അതുവരെ ഏതോ ഉന്നത കുല ജാതയായ ഹിന്ദു സ്ത്രീ എന്നൊക്കെ ആണ് ആളുകള്‍ കരുതിയിരുന്നത്. ഹിന്ദു മതം സ്വീകരിച്ചതും മുസ്ലിം മതം ഉപേക്ഷിച്ചതും ഒരു മഹാ കാര്യം ആയി എനിക്ക് തോന്നിയിട്ടില്ല. കാരണം ഒരു മതവും ഒരു മനുഷ്യനും ആന്തരിക സൗഖ്യം അല്ലാതെ ഒന്നും കൊടുക്കുന്നില്ല എന്ന് എനിക്കറിയാം. പിന്നെ എന്റെ മതം തിരഞ്ഞെടുപ്പ് തികച്ചും വ്യക്തിപരമാണല്ലോ?

 

4. ലക്ഷ്മി പ്രിയ മതേതരയാണോ? ഒരിക്കലും അല്ല. കാരണം മതേതരത്വം എന്നത് ഒരു കപട വാക്കാണ്.ഞാൻ സനാതന ധർമ്മ വിശ്വാസിയാണ്. എല്ലാ വിശ്വാസത്തേയും ഉള്‍ക്കൊള്ളാൻ ആദിയും അന്തവും ഇല്ലാത്ത ആ ധർമ്മത്തിന് കഴിയും. എന്റെ മതേതരത്വം എന്നത് മറ്റ് മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക എന്നതാണ്. മറ്റ് മതങ്ങള്‍ മോശം എന്ന് പറയല്‍ അല്ല.

 

ശ്രീമതി ഉഷ ഹസീനയോട്, 23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ. ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും കാലങ്ങള്‍ക്ക് ശേഷം മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവള്‍ അല്ല ലക്ഷ്മി പ്രിയ. എന്ന് വച്ചാല്‍ നിങ്ങളുടെ പേരില്‍ ഉള്ളത് പോലെ രണ്ട് വള്ളത്തില്‍ അല്ല കാല്. ഹിന്ദു എന്ന് പേര് കൊണ്ട് തോന്നിപ്പിക്കുന്ന ഉഷയും മുസ്ലിം എന്ന് തോന്നിയ്ക്കുന്ന ഹസീനയും അല്ല. ലക്ഷ്മി പ്രിയ – ഒരേ ഒരു ഐഡന്റ്റ്റി. സനാതന ധർമ്മ വിശ്വാസിയായ ലക്ഷ്മി പ്രിയ. നിങ്ങളെപ്പോലെ ചിലർക്ക് ഉഷയും ചിലർക്ക് ഹസീനയും അല്ല. എന്റെ മത സ്വാതന്ത്ര്യം ഭരണഘടന എനിക്ക് നല്‍കുന്ന സ്വാതന്ത്ര്യമാണ്.

 

മാതാപിതാക്കന്മാരെ തള്ളിപ്പറഞ്ഞവള്‍ എന്ന് നിങ്ങള്‍ പറഞ്ഞ എന്റെ അച്ഛനെ ഓഹ് സോറി വാപ്പയെ എന്റെ ജീവിതത്തില്‍ അഞ്ചോ ആറോ തവണ മാത്രം കാണാൻ വിധിക്കപ്പെട്ട പിതൃസ്നേഹത്തെ ഒടുവില്‍ ക്യാൻസർ ബാധിതനായി തിരികെ ലഭിച്ചപ്പോള്‍ മുഴുവൻ ചികിത്സയും ഇടപ്പള്ളി അമൃത ഹോസ്പിറ്റലില്‍ കൊണ്ട് പോയി നല്‍കി പൊന്നു പോലെ മരണം വരെ നോക്കിയത് ഈ മകള്‍ ആണ്. ചെട്ടികുളങ്ങര അമ്മയെ കുല ദൈവമായി കണ്ട വ്യക്തി ആയിരുന്നു എന്റെ വാപ്പ!

 

ഇപ്പോഴും എന്റെ ഇത്തി ( എന്റെ ചേച്ചി ) നിസ്‌ക്കരിച്ചു മടക്കി വയ്ക്കാതെ പോകുന്ന മുസല്ലയില്‍ ഇരുന്ന് ലളിതാ സഹസ്ര നാമം ചൊല്ലാൻ എനിക്ക് കഴിയുന്നു എങ്കില്‍ എന്റെ കുടുംബം മറ്റ് മതങ്ങളെ ബഹുമാനിക്കുന്ന കുടുംബമാണ്. ഒരു മതവും പഠിപ്പിച്ചു കൊടുക്കാതെ ഞങ്ങള്‍ വളർത്തുന്ന ഞങ്ങളുടെ മകള്‍ എന്നും രാത്രികളില്‍ ജീസസ് ക്രൈസ്റ്റിന്റെ മെല്ലിച്ച കയ്യില്‍ അവളുടെ ഉണ്ണിക്കണ്ണനെ കിടത്തി പുതപ്പിച്ചുറക്കുന്നു എങ്കില്‍ എന്റെ വീട് ഇതര മത ബഹുമാനത്തിന് ഉദാഹരണമാണ്. സർവോപരി മുസ്ലിം ആയ നിങ്ങളും ക്രിസ്ത്യാനി ആയ പൊന്നമ്മ ബാബുവും എന്നില്‍ നിന്നും പണം അടക്കം എല്ലാ സഹായവും കൈപ്പറ്റിയ അൻസിബ ഹസ്സനും എന്റെ സുഹൃത്തുക്കള്‍ ആയിരുന്നു എങ്കില്‍ ഞാൻ മതം നോക്കാത്തവള്‍ തന്നെയാണ്. കലങ്ങി ഇല്ല എങ്കില്‍ നല്ലത് പോലെ ഒന്ന് കൂടി കലക്കി കുടിയ്ക്കാൻ അഭ്യർത്ഥിക്കുന്നു. തേങ്സ്

 

ന ബി നിങ്ങളെ ഞാൻ ജിഹാദി എന്ന് വിളിച്ചു എങ്കില്‍ നിങ്ങള്‍ കൊണ്ടുപോയി കേസ് കൊടുക്കണം പിള്ളേച്ചാ. അതാണല്ലോ ഇപ്പൊ ഫാഷൻ? മൂട്ടില്‍ മരമുറി വക്കീലിന് ഒരു മൈലേജ് ആവട്ടെ.