
കോട്ടയം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പായിപ്പാട് നാലുകോടി സ്വദേശിയുമായ പാപ്പൻ ബിനു എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തൃക്കൊടിത്താനം പോലീസ് പായിപ്പാട് അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ നടത്തിയ റെയ്ഡിലാണ് മൂവായിരത്തിലധികം പായ്ക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും ഒരു കിലോ 190 ഗ്രാം കഞ്ചാവും പിടികൂടിയത്. തോമസ് കുര്യാക്കോസിന്റെ വീട്ടിൽ നിന്നുമാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോ 190 ഗ്രാം ഗഞ്ചാവ് പിടികൂടിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യുവിന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ് ന്റെയും തൃക്കൊടിത്താനം എസ്എച്ച്ഒ അനീഷ് ബി, സബ് ഇൻസ്പെക്ടർ അജീഷ് കെ ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. പായിപ്പാട് അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ റെയ്ഡിൽ 6 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






