Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങളെക്കുറിച്ച്‌ സമഗ്രമായി പഠിക്കാനും അന്വേഷിക്കാനും ഗതാഗത വകുപ്പ് പുതിയ സംവിധാനമൊരുക്കുന്നു.

video
play-sharp-fill

ഇതിന്റെ ഭാഗമായി ഓരോ വലിയ വാഹനാപകടത്തിന് ശേഷവും അന്വേഷണം നടത്താൻ പ്രത്യേക ‘അപകടാനന്തര അന്വേഷണസംഘത്തെ’ രൂപീകരിക്കാൻ തീരുമാനിച്ചു.

 

മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇത്തരമൊരു നിർദേശം നല്‍കിയത്. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ കേവലമൊരു പ്രാഥമിക അന്വേഷണത്തില്‍ മാത്രം ഒതുങ്ങാതെ, അപകടത്തിലേക്ക് നയിച്ച ശാസ്ത്രീയവും സാങ്കേതികവുമായ കാരണങ്ങള്‍ കണ്ടെത്തുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ പാനലായിരിക്കും ഓരോ ജില്ലയിലും പ്രവർത്തിക്കുക. ജില്ലയിലെ ആർടിഒ, പൊലീസ് ഇൻസ്പെക്ടർ, പൊതുമരാമത്ത് വകുപ്പ് അല്ലെങ്കില്‍ ദേശീയപാത വിഭാഗം എൻജിനീയർ, നാറ്റ്പാക്കിലെ വിദഗ്ധനായ ഉദ്യോഗസ്ഥൻ എന്നീ നാല് വിഭാഗം ഉദ്യോഗസ്ഥർ ഈ ടീമിന്റെ ഭാഗമാകും.

 

ഒരു വലിയ അപകടം സംഭവിച്ചാല്‍ ഉടൻ തന്നെ ഈ സംയുക്ത സംഘം സംഭവസ്ഥലം സന്ദർശിച്ച്‌ പരിശോധനകള്‍ നടത്തും. റോഡിന്റെ നിർമാണ ഘടനയിലെ അപാകതകള്‍, വാഹനത്തിന്റെ സാങ്കേതികവും യാന്ത്രികവുമായ തകരാറുകള്‍, അമിതഭാരം, ഡ്രൈവിംഗിലെ പിഴവുകള്‍ തുടങ്ങിയ എല്ലാ വശങ്ങളും സംഘം കൃത്യമായി വിലയിരുത്തും.

 

ഭാവിയില്‍ സമാനമായ അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ റോഡില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് ഈ സംഘം സർക്കാരിന് സമർപ്പിക്കും.