
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസില്‍ മേല്‍ കോടതിയില്‍ ജാമ്യ ഹർജി നല്കി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയെയാണ് പ്രതി സമീപിച്ചത്.
പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യ ഹർജി തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണില്‍ നിന്നെന്നാണ് എസ്.ഐ.ടി കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാൻ ഫോണ്‍, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ഫോറൻസിക് ലാബിന്റെ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയില്‍ റിപ്പോർട്ട് നല്കി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് കോടതി ജിതിൻ ഭാസ്കറിന് ജാമ്യം നിഷേധിച്ചത്.
കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്താൻ ജിതിന്റെ ഫോണ്‍ ഫോറൻസിക് ലാബിലേക്ക് അയക്കും. നിലവില്‍ മൂന്ന് വർഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ജാമ്യം നിഷേധിച്ചത് അന്വേഷണസംഘത്തിന് നേട്ടമാണ്. ജിതിൻ ഭാസ്കറിൻ്റെ പിന്നില്‍ പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങളിലേക്കാവും ഇനിയുള്ള അന്വേഷണം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.







