
കാസര്‍കോട്: കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ യുവാക്കൾ പിടിയിൽ.
മൊഗ്രാല്‍ മൈമൂൻ നഗര്‍ നീരോളി ഹൗസിലെ അഫ്സല് (29), കുന്നില്‍ ഹൗസിലെ മുഹമ്മദ് മന്‍സൂർ (ഫൈസി –27) എന്നിവരെയാണ് കുമ്പള പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കുമ്പള, അനന്തപുരം ക്ഷേത്രത്തിനു സമീപത്ത് കാറില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു യുവാവും പെണ്‍സുഹൃത്തും. ഇതിനിടയില്‍ ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നു പേര് യുവാവിനെ അടിക്കുകയും യുവതിയോട് മോശമായി പെരുമാറുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമി സംഘം കാറിൽ കയറി യുവാവിനേയും യുവതിയേയും കൂട്ടി സീതാംഗോളി ഭാഗത്തേക്ക് കാർ ഓടിച്ചു പോയി. സീതാംഗോളിയിലെ ബവ്റിജസ് ഷോപ്പിനു മുന്നില്‍ എത്തിയപ്പോൾ യുവാവിൽ നിന്ന് 500 രൂപ പിടിച്ചുവാങ്ങി. സംഘത്തിലെ ഒരാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും ചെയ്ത ശേഷം അരലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർന്ന് കാർ വീണ്ടും അമിത വേഗതയിൽ ഓടിച്ചുപോയി. ഇതിനിടയില്‍ അതുവഴി എത്തിയ മറ്റൊരു കാറില്‍ ഉരസി. ഇതോടെ ഈ കാറുകാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ബഹളം കേട്ട് എത്തിയ നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും യുവാക്കൾ തട്ടിക്കയറി.
തുടര്‍ന്ന് അഫ്സലിനെയും മന്സൂറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് നിന്നു രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







