
കൊച്ചി : താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് നടി അന്‍സിബ ഹസന്. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം. ‘ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയും ആണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്കാരം’, എന്നും അന്‍സിബ വ്യക്തമാക്കി.
‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്കും മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു. ശക്തവും കരുണയും ആര്‍ജ്ജവവും ഉള്ള പുതിയ നിര ഇതിനായി കടന്നുവരട്ടെയെന്നാണ് അന്‍സിബ പറഞ്ഞത്. ജനറല്‍ബോഡി യോഗത്തിലെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഭരണസമിതിയുടെ രാജിക്കും പിന്നാലെ അമ്മയില്‍ പ്രശ്നങ്ങള്‍ പുകയുകയാണ്.






