
കൊച്ചി: കാറില്‍ ബമ്പര്‍ ഗാർഡ് വെച്ചതിനെത്തുടർന്ന് ടാക്‌സി ഡ്രൈവർക്ക് 5,000 രൂപ പിഴ ചുമത്തി.
ഷമീർ ഖാലിദ് എന്ന ഡ്രൈവർക്കാണ് എംവിഡി നോട്ടീസ് ലഭിച്ചത്. അത്യാവശ്യം ആള്‍ട്രേഷനുകള്‍ അനുവദിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വസിച്ചാണ് താൻ ഇത് ചെയ്തതെന്നും, എന്നാല്‍ വലിയ തുക പിഴയായി ലഭിച്ചത് തിരിച്ചടിയായെന്നും ഷമീർ വീഡിയോയിലൂടെ വ്യക്തമാക്കി.
ഫൈന്‍ അടക്കാന്‍ തയ്യാറാണ്. പക്ഷേ തുക കുറച്ചു നല്‍കണമെന്ന് ഷമീര്‍ ഖാലിദ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. എന്നാല്‍ പിഴത്തുക കുറയ്ക്കാന്‍ പറ്റില്ലെന്നും സമയം നീട്ടി നല്‍കാമെന്നും എംവിഡി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഡിഫിക്കേഷനില്‍ വമ്പൻ ഇളവുകള്‍ പ്രതീക്ഷിച്ചവർക്ക് വൻ നിരാശയായിരുന്നു ഫലം. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം വാഹനങ്ങളില്‍ എന്തെല്ലാം മോഡിഫിക്കേഷൻ ആകാമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോർട്ട് വാഹനപ്രേമികളുടെ നിരാശ കൂട്ടി.
18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സീറ്റ് കവറുകള്‍, ഫ്ലോർ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാർണിഷ്, ഡോർ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാമെന്നതടക്കമായിരുന്നു മോഡിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
മാത്രമല്ല നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശനമാക്കുകയും ചെയ്തു. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
ഹെല്‍മെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.







