
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മൂന്ന് ആഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ അന്വേഷണ ചുമതലയിലുള്ള എസ്.പി എസ്. ശശിധരനെ മാറ്റി പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിമർശനവുമായി രംഗത്തെത്തിയത്. കോടതി നിരന്തരം നിർദേശിച്ചിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മൈക്രോഫിനാൻസ് കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്ന സാഹചര്യമാണുള്ളതെന്നും കോടതിയെ അന്വേഷണ ഉദ്യോഗസ്ഥൻ കളിയാക്കരുതെന്നും ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനുമേൽ ചില സമ്മർദങ്ങളുണ്ടെന്ന സൂചനയും കോടതി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016-ൽ മുൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ തയ്യാറാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കോടിക്കണക്കിന് രൂപ വായ്പ നേടിയെന്നതാണ് ആരോപണം. സാമ്പത്തിക ക്രമക്കേടും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരിക്കുന്നത്.







