
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ സുധാകരൻ എം പി നല്‍കിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി തള്ളി.
പരാതിക്കാരൻ തുടർച്ചയായി കോടതിയില്‍ ഹാജരാകാതെ വന്നതോടെയാണ് കോടതി കേസ് തള്ളിയത്.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കലുമായി കെ സുധാകരനുള്ള ബന്ധത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാർത്ത ചൂണ്ടിക്കാട്ടി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. മോൻസണ്‍ മാവുങ്കല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ആ വീട്ടില്‍ സുധാകരനും ഉണ്ടെന്നായിരുന്നു എം വി ഗോവിന്ദൻ ആരോപിച്ചത്.
ഈ ആരോപണത്തിനെതിരെയാണ് കെ സുധാകരൻ എംപിമാരുടെയും എംഎല്‍എമാരുടെയും കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തന്റെ വ്യക്തിത്വത്വത്തെയും രാഷ്ട്രീയ പ്രതിച്ഛായയെയും മോശമായി ചിത്രീകരിക്കാൻ ബോധപൂർവം നടത്തിയ ശ്രമമാണെന്ന് ആരോപിച്ചായിരുന്നു 2023 ജൂലായ് 23ന് കെ സുധാകരൻ കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം വി ഗോവിന്ദന് പുറമേ ഇതേ ആരോപണം ആവർത്തിച്ച അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയ്ക്കും ദേശാഭിമാനി ദിനപത്രത്തിനും എതിരെയും സുധാകരൻ കേസ് കൊടുത്തിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ സുധാകരൻ ഹാജരാകുന്നതിന് യാത്ര തിരിച്ചെന്നും കൃത്യ സമയത്ത് എത്താൻ കഴിയാതെ പോയെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്. സിജെഎം കോടതി കേസ് തളളിയ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.







