
ലക്ക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള പ്രമുഖ തനിഷ്ക് ജ്വല്ലറി ഷോറൂമില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസ് ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് തെളിയിച്ചു.
കവർച്ച ആസൂത്രണം ചെയ്ത ഷോറൂമിലെ ജീവനക്കാരനായ നിതിൻ വർമ്മ (24), ഇയാളുടെ കാമുകി കാജല്‍ (22), നിതിന്റെ പിതാവ് സഞ്ജയ് വർമ്മ (52) എന്നിവരെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ വിവാഹത്തിനുള്ള പണം കണ്ടെത്താനാണ് നിതിനും കാമുകിയും ചേർന്ന് ഈ വൻ കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി
ജൂണ്‍ 12-ന് പുലർച്ചെ ഗാസിയാബാദിലെ കവി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാജ് നഗർ ഡിസ്ട്രിക്റ്റ് സെന്ററിലെ തനിഷ്ക് ഷോറൂമിലായിരുന്നു സിനിമാ മോഡല്‍ കവർച്ച നടന്നത്. തനിക്ക് വിവാഹം നിശ്ചയിച്ചുവെന്ന് സഹപ്രവർത്തകരെ വിശ്വസിപ്പിച്ച് ജൂണ്‍ 11-ന് രാത്രി നിതിൻ വർമ്മ ഒരു പാർട്ടി നടത്തി. ഈ പാർട്ടിയില്‍ വെച്ച് ഷോറൂമിന്റെ താക്കോല്‍ സൂക്ഷിക്കുന്ന കാഷ്യറായ ഗൗതം രാജിന് നിതിൻ മദ്യം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിക്ക് ശേഷം മദ്യലഹരിയിലായിരുന്ന കാഷ്യറെ വീട്ടില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞ് നിതിൻ ഒപ്പം കൂടുകയും, യാത്രാമധ്യേ അദ്ദേഹത്തിന്റെ ബാഗില്‍ നിന്ന് ഷോറൂമിന്റെ പ്രധാന താക്കോല്‍ തന്ത്രപൂർവ്വം മോഷ്ടിക്കുകയുമായിരുന്നു.
തൊട്ടടുത്ത ദിവസം പുലർച്ചെ 7 മണിയോടെ നിതിൻ തന്‍റെ ഔദ്യോഗിക യൂണിഫോം ധരിച്ച് ‘ചിന്തു’ എന്ന കൂട്ടാളിയോടൊപ്പം ഷോറൂമിലെത്തി. യൂണിഫോം ധരിച്ചതിനാല്‍ ആർക്കും സംശയം തോന്നിയില്ല. ചിന്തു പുറത്ത് കാവല്‍ നിന്നപ്പോള്‍, മോഷ്ടിച്ച താക്കോല്‍ ഉപയോഗിച്ച് ഷട്ടർ തുറന്ന് നിതിൻ അകത്തുകയറി.
വെറും 25 മിനിറ്റിനുള്ളില്‍ ഒന്നാം നിലയിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വർണ, വജ്രാഭരണങ്ങളുമായി ഇവർ കടന്നുകളയുകയായിരുന്നു. ഷോറൂം അധികൃതരുടെ പരാതിയെ തുടർന്ന് 5 പ്രത്യേക പോലീസ് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. സിസിടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും ശേഖരിച്ച പോലീസ് ജൂണ്‍ 16-ന് ചിരഞ്ജീവ് വിഹാറിലെ സായ് ഗേറ്റിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കവർച്ച ചെയ്ത ആഭരണങ്ങള്‍ വിറ്റഴിക്കാൻ സഹായിച്ചതിനാണ് നിതിന്റെ പിതാവിനെ അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് ഏകദേശം 3.10 കോടി രൂപ വിലമതിക്കുന്ന 2 കിലോഗ്രാം സ്വർണാഭരണങ്ങളും, 6.5 ലക്ഷം രൂപയും, ഒരു നാടൻ തോക്കും ആറ് വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് കൂട്ടാളികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കേസ് വേഗത്തില്‍ തെളിയിച്ച പോലീസ് സംഘത്തിന് ഡിസിപി ധവാല്‍ ജയ്‌സ്വാള്‍ 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു.







