
ദംബുള്ള: ശ്രീലങ്കയില്‍ നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യ-എ ശ്രീലങ്ക-എ മത്സരത്തിന് ശേഷം മൈതാനത്ത് നാടകീയ രംഗങ്ങള്‍.
ഇരുടീമുകളും സമനിലയിലായതിനെ തുടർന്ന് സൂപ്പർ ഓവറിലാണ് ശ്രീലങ്കൻ എ ടീം വിജയം സ്വന്തമാക്കിയത്. മത്സര ശേഷം ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മില്‍ മൈതാനത്ത് നടന്ന തർക്കവും കയ്യാങ്കളിയും ക്രിക്കറ്റ് ലോകത്ത് ചർച്ചയായി.
പരമ്പരയില്‍ അഫ്ഗാൻ എ ടീമിനോട് തോറ്റ ഇന്ത്യ എയുടെ ടൂർണമെന്റിലെ രണ്ടാം പരാജയമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ ഉയർത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സില്‍ ഒതുങ്ങിയതോടെയാണ് മത്സരം സമനിലയിലായത്. തുടർന്ന് വെളിച്ചക്കുറവ് കാരണം സൂപ്പർ ഓവർ നടത്തണോ വേണ്ടയോ എന്നതിനെച്ചൊല്ലി മൈതാനത്ത് ദീർഘനേരം ചർച്ച നടന്നു.
ഒടുവില്‍ സൂപ്പർ ഓവർ ആരംഭിച്ചപ്പോള്‍ വീണ്ടും നാടകീയത തുടരുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സൂപ്പർ ഓവറില്‍ 16 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വെടിക്കെട്ട് സഖ്യമായ വൈഭവ് സൂര്യവംശിക്കും സൂര്യൻഷ് ഷെഡ്ഗെയ്ക്കും 9 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതോടെ ശ്രീലങ്ക വിജയം ഉറപ്പിച്ചു.
തോല്‍വിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങള്‍ നിരാശയോടെ മടങ്ങുമ്പോള്‍, വിജയം ആഘോഷിക്കുകയായിരുന്ന ശ്രീലങ്കൻ താരങ്ങള്‍ വൈഭവിനെതിരെ എന്തോ പരാമർശം നടത്തി. ഇതില്‍ പ്രകോപിതനായ വൈഭവ് തിരിഞ്ഞുനടന്ന് ഒരു ശ്രീലങ്കൻ താരത്തിന് നേരെ ആക്രോശിക്കുകയും ബലമായി തള്ളിമാറ്റുകയും ചെയ്തു.
രംഗം വഷളാകുന്നതിന് മുൻപ് തന്നെ മറ്റ് ശ്രീലങ്കൻ താരങ്ങളും സൂര്യൻഷ് ഷെഡ്ഗെയും ഇടപെട്ട് വൈഭവിനെ അവിടെനിന്ന് മാറ്റി. കൂടാരത്തിലേക്ക് മടങ്ങുമ്പോഴും താരം കടുത്ത ദേഷ്യത്തിലായിരുന്നു.







