Spread the love

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാനായി വിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നതിനെത്തുടർന്ന് വീടിന്റെ മേല്‍ക്കൂര തകർന്നു.

video
play-sharp-fill

അത്താണി കേരള ഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പില്‍ സൈമണിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.

ഓടിൻ്റെ ചീളുകള്‍ തെറിച്ച്‌ സൈമണും പരുക്ക് പറ്റി. പരുക്ക് സാരമല്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്ത് ഞായറാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം.100 ഓളം ഓടുകള്‍ തകർന്നു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈമണും, ഭാര്യ ശോശാമ്മയും പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയയുടനെയായിരുന്നു സംഭവം. അത്യുഗ്രശബ്ദത്തില്‍ താഴ്ന്ന് പറന്ന വിമാനത്തിൻ്റെ പ്രകമ്പനത്തില്‍ വീടിൻ്റെ മേല്‍ക്കൂര അടക്കം കിലുങ്ങി ഓടുകള്‍ പറന്ന് വീഴുകയായിരുന്നു.

അപകടത്തെത്തുടർന്ന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടിൻ്റെ ചീള് സൈമൻ്റെ ദേഹത്ത് പതിച്ചത്. അപകടത്തില്‍ വീടിൻ്റെ ഭിത്തികള്‍ക്കും ശക്തമായ വിള്ളല്‍ അനുഭവപ്പെട്ടിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സൈമൻ്റെ വീടിൻ്റെ സമീപത്തെ മറ്റ് വീടുകള്‍ക്കും ഇത്തരത്തില്‍ കേടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗള്‍ഫ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാൻ്റ് ചെയ്യാൻ താഴ്ന്നതോടെയായിരുന്നു ദുരന്തമുണ്ടായത്.

പലപ്പോഴും വിമാനത്താവളത്തില്‍ നിന്ന് ജംബോ അടക്കം വിമാനങ്ങള്‍ ഉയരുമ്പോഴും, ഇറങ്ങുമ്പോഴും കാറ്റിൻ്റെ അതിശക്തമായ പ്രകമ്പനത്തില്‍ വീടുകള്‍ കുലുങ്ങുന്നതും, വീടിൻ്റെ ഓടുകളും, ഷീറ്റുകളും പറന്ന് വീഴുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

വിമാനങ്ങള്‍ പറന്നുയരുന്ന ദിശകളിലാണ് ശാന്തിനഗറിലെ വീടുകള്‍. കിടപ്പാടം തകർന്നതോടെ ദുരിതത്തിലായ സൈമണ്‍ പഞ്ചായത്ത് അധികൃതർക്കും, നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റിക്കും പരാതി നല്‍കിയിരിക്കുകയാണ്.