
ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയവും പാർട്ടിയിലെ ആഭ്യന്തര കലാപവും മൂലം വലയുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
അതിനിടെയാണ് ചില ലയന വാർത്തകള്‍ വരുന്നത്. മമത ബാനർജിയും എൻസിപി(എസ്പി) നേതാവ് ശരദ് പവാറും തങ്ങളുടെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയേക്കും എന്നരീതിയിലുള്ള വാർത്തകളാണ് വരുന്നത്.
തൃണമൂലിന്റെ കോണ്‍ഗ്രസ് ലയനം എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തള്ളിയിരുന്നെങ്കിലും മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിർന്ന നേതാവ് നാന പടോലെ നല്കുന്ന സൂചന മറിച്ചാണ്. ‘ശരദ് പവാറും മമത ബാനർജിയും തങ്ങളുടെ പാർട്ടികളെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ്.
ഇത് വെറുമൊരു സഖ്യമല്ല, മറിച്ച് പൂർണ്ണമായ ലയനമായിരിക്കും. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് തടയാനും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനും മതേതര, ബഹുസ്വര പ്രത്യയശാസ്ത്രമുള്ള എല്ലാ പാർട്ടികളും ഒന്നിക്കേണ്ടതുണ്ട്. ഇതിനായുള്ള പ്രക്രിയകള്‍ ദേശീയ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ശരദ് പവാറിന്റെ ഭാഗത്തുനിന്നുള്ള ലയന നിർദ്ദേശം മുൻപ് തന്നെ വന്നിരുന്നതാണെന്നും ചില കാരണങ്ങളാല്‍ അത് വൈകിയതാണെന്നും പടോലെ കൂട്ടിച്ചേർത്തു.
ചെറിയ പ്രാദേശിക പാർട്ടികളെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിന് ശരദ് പവാർ തന്നെ നേതൃത്വം നല്‍കണമെന്ന് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആവശ്യപ്പെട്ടിരുന്നു. ബിജെപിക്കെതിരെ പോരാടാൻ കോണ്‍ഗ്രസ് ശക്തമാകേണ്ടതുണ്ടെന്ന് റാവുത്ത് ഓർമ്മിപ്പിച്ചു. റാവുത്തിന്റെ ഈ നിർദ്ദേശത്തോട് ശരദ് പവാറിന്റെ മകളും എൻസിപി നേതാവുമായ സുപ്രിയ സുലെ പ്രതികരിച്ചത് ഇങ്ങനെയാണ്.- ‘ഇതൊരു നല്ല നിർദ്ദേശമാണ്, എന്നാല്‍ വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. ആദ്യം മഴ പെയ്യട്ടെ, എന്നിട്ട് കുട വേണോ റെയിൻകോട്ട് വേണോ എന്ന് തീരുമാനിക്കാം’.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടും ലയന വാർത്തകളെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞുപോയ എല്ലാ പ്രാദേശിക പാർട്ടികളും തിരികെ വരണമെന്നും രാഹുല്‍ ഗാന്ധിയെ തങ്ങളുടെ നേതാവായി പൂർണ്ണമനസ്സോടെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’ഒരു വശത്ത് നരേന്ദ്ര മോദിയും മറുവശത്ത് രാഹുല്‍ ഗാന്ധിയുമാണ് ഉള്ളതെന്ന് രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ട്. ‘ഇന്ത്യ’ സഖ്യത്തിന്റെ ഏക നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന വ്യക്തമായ സന്ദേശം ജനങ്ങളിലേക്ക് എത്തിയാല്‍ രാജ്യത്തെ വോട്ടിംഗ് രീതി തന്നെ മാറിമറിയും.’ – ഗെലോട്ട് പറഞ്ഞു.
പിളർപ്പിൻ്റെ ചരിത്രവും ഇപ്പോഴത്തെ പ്രതിസന്ധിയും
1998-ലാണ് മമത ബാനർജി കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. തൊട്ടടുത്ത വർഷം, 1999-ല്‍ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് ശരദ് പവാർ എൻസിപി രൂപീകരിച്ചത്. നിലവില്‍ തൃണമൂല്‍ നേരിടുന്നതിന് സമാനമായ പിളർപ്പ് 2023-ല്‍ പവാറിന്റെ എൻസിപിയും നേരിട്ടിരുന്നു. ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാർ ഭൂരിപക്ഷം എംഎല്‍എമാരുമായി വിമത നീക്കം നടത്തുകയും പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കി ബിജെപി സഖ്യത്തിനൊപ്പം ചേരുകയും ചെയ്തിരുന്നു.







