
‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയില്‍ വൻ എംഡിഎംഎ ശേഖരവുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ആശാരിക്കണ്ടി അമീർ (41) ആണ് ഐക്കരപ്പടിയിലെ വാടകവീട്ടില്‍ നിന്ന് അറസ്റ്റിലായത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് 19 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
നേരത്തെ കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അമീർ, ഐക്കരപ്പടിയില്‍ വാടകയ്ക്ക് വീടെടുത്ത് ഒളിവില്‍ താമസിച്ച് വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയിലെ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് ശൃംഖലയുള്ള അമീർ വൻകിട ലഹരിക്കേസുകളിലെ സ്ഥിരം പ്രതിയാണ്.
മട്ടന്നൂർ, പേരാമ്പ്ര, വർക്കല, തൊട്ടില്‍പ്പാലം തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ കെ. അനുദാസ്, സബ് ഇൻസ്പെക്ടർ എം.എസ്. സത്യജിത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ഡാൻസാഫ് ടീം അംഗങ്ങളായ സഞ്ജീവ്, മുസ്തഫ, സുബ്രഹ്മണ്യൻ, സബീഷ്, രതീഷ് എന്നിവരും കൊണ്ടോട്ടി സ്റ്റേഷനിലെ പൊലീസ് ഓഫീസർമാരായ അബ്ദുള്ള ബാബു, അജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കേന്ദ്രീകരിച്ച് ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്താനുള്ള തുടരന്വേഷണം പൊലീസ് ഊർജിതമാക്കി.







