
കണ്ണൂർ: സിപിഎം സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പയ്യന്നൂർ, തളിപ്പറമ്പ് എംഎല്‍എമാരായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും.
തളിപ്പറമ്പ്, പയ്യന്നൂർ തോല്‍വി ജില്ലാ കമ്മിറ്റിയുടെ തലയില്‍ കെട്ടിവച്ച് സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നുവെന്ന് എംഎല്‍എമാർ വാർത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ചവരാണ് ഇരുവരും.
‘പാർട്ടിയുടെ താഴേത്തട്ടിലുള്ള ഘടകങ്ങളില്‍ നിന്നുള്ള ഒരു ചർച്ചയും സംസ്ഥാന കമ്മിറ്റി റിവ്യൂവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അത് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനത്തില്‍ നിന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പില്‍ എം വി ഗോവിന്ദന്റെ നിലപാട്, സ്ഥാനാർത്ഥികളെ നിശ്ചയിച്ച തെറ്റായ രീതികള്‍, മതേതരത്വ മനസുള്ള ജനങ്ങളെ പാർട്ടിയില്‍ നിന്ന് അകറ്റാനിടയായ സംഭവങ്ങള്‍ എന്നിവയെല്ലാം താഴേത്തട്ടില്‍ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. റിവ്യൂ റിപ്പോർട്ടില്‍ ഇതൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല. 27 സ്ഥാനാർത്ഥികളില്‍ 24പേരും തോറ്റു. അതെല്ലാം പാർട്ടി മണ്ഡലം കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അംഗീകരിക്കാത്ത സ്ഥാനാർത്ഥികളാണ്.
തളിപ്പറമ്പിലും പയ്യന്നൂരിലുമുണ്ടായ അനുഭവങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും നേരത്തേ പറഞ്ഞിട്ടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും തോല്ക്കാൻ കാരണം ജില്ലാ കമ്മിറ്റിയെന്നാണ് ഇപ്പോള്‍ പാർട്ടി നേതൃത്വം പറയുന്നത്. യഥാർത്ഥത്തില്‍ ഇത് കബളിപ്പിക്കലാണ്. പാർട്ടി വഞ്ചനയാണ്. സത്യം ജനങ്ങളില്‍ നിന്നും പ്രവർത്തകരില്‍ നിന്നും മൂടിവയ്ക്കലാണ്. ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും എതിർത്തവർ എങ്ങനെ സ്ഥാനാർത്ഥികളായി. ഇനിയെങ്കിലും ആർജവത്തോടെ പാർട്ടിയോടും ജനങ്ങളോടും പറഞ്ഞുകൂടേ ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന്. നിങ്ങള്‍ തിരുത്തുമെന്ന് എങ്ങനെ വിശ്വസിക്കണം. പാർട്ടിയുടെ തകർച്ചയ്ക്ക് കാരണം നേതൃത്വമാണ്’ – ടി കെ ഗോവിന്ദൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റുപറ്റി എന്ന് പറയുമ്പോള്‍ എന്ത് തെറ്റാണ് പറ്റിയെന്ന് പറയാനുള്ള ബാദ്ധ്യത സംസ്ഥാന നേതൃത്വത്തിനില്ലേ. സ്ഥാനാർത്ഥിയെ മാറ്റാൻ എല്ലാവരും പറഞ്ഞിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്. ഉള്‍പ്പാർട്ടി ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പാർട്ടിയായി സിപിഎം മാറിക്കൊണ്ടിരിക്കുകയാണ്. പാർട്ടി ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് അതാണ്’ – വി കുഞ്ഞികൃഷ്ണൻ പറഞ്ഞു







