
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കായി നടത്തുന്ന പ്രീ ലേണേഴ്സ് ക്ലാസുകള്‍ക്ക് ഫീസ് ഈടാക്കുന്നത് വിലക്കി ഗതാഗത കമ്മിഷണർ നാഗരാജു ചകിലം.
കൊല്ലം, കരുനാഗപ്പള്ളി മോട്ടോർ വാഹന ഓഫീസുകളില്‍ ക്ലാസ് നടത്തിപ്പിന്റെ പേരില്‍ അപേക്ഷകരില്‍ നിന്ന് പണം ഈടാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടി.
മോട്ടോർ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ സന്നദ്ധസംഘടനയായ ട്രോമ കെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ (ട്രാക്ക്) ലൈസൻസ് അപേക്ഷകരില്‍ നിന്ന് 100 രൂപ മുതല്‍ 500 രൂപ വരെ ഫീസ് വാങ്ങിയതോടെയാണ് വിവാദം ഉയർന്നത്. ലൈസൻസിന്റെ വിഭാഗമനുസരിച്ചായിരുന്നു ഈ തുക ഈടാക്കിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പ് പ്രീ ലേണേഴ്സ് ക്ലാസുകള്‍ ആരംഭിച്ചത്. സാധാരണയായി മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിഗണിച്ച് ചില ഓഫീസുകളില്‍ സന്നദ്ധസംഘടനകളുടെ സഹായം തേടാൻ വകുപ്പ് അനുമതി നല്‍കിയിരുന്നു.
ഈ അനുമതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം, കരുനാഗപ്പള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പ് ട്രാക്കിന് കൈമാറുകയായിരുന്നു. പ്രതിമാസം 1,500-ലധികം പേർ ഈ ക്ലാസുകളില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.







