Spread the love

തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനുവേണ്ടി മുഖ്യമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് ഒരു ആറുവയസ്സുകാരി.

video
play-sharp-fill

പഠിച്ചു വലുതാകുമ്പോൾ വീട് വെക്കാൻ നൽകുന്ന പണം തിരികെ നൽകാമെന്ന ഉറപ്പോടെയാണ് തിരുവനന്തപുരം വിഴിഞ്ഞം എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ റുവാനിയ ഈ അപേക്ഷ മുന്നോട്ടുവെച്ചിരിക്കുന്നത്. റുവാനിയ സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യമന്ത്രിയോട് തന്റെ ആവശ്യം ഉന്നയിച്ചത്.

തങ്ങൾ താമസിക്കുന്നത് പഴയ വീടാണെന്നും രാത്രി മഴ പെയ്യുമ്പോൾ പേടി കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും റുവാനിയ പറയുന്നു. ‘മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം, അതിൽ ഞങ്ങൾക്ക് ഉറങ്ങാം; ഞാൻ വലുതാകുമ്പോൾ പൈസ തരാം’ എന്നാണ് ഈ കൊച്ചു മിടുക്കിയുടെ വാക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകർ സഹായിച്ചു വാങ്ങി നൽകിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ മുറിയിലാണ് മാതാപിതാക്കളും രണ്ട് മക്കളും കഴിയുന്നത്. ഈ വീടിന് അടച്ചുറപ്പുള്ള വാതിലുകളോ ശരിയായ ശുചിമുറിയോ ഇല്ല. മഴ പെയ്താൽ വീട് മുഴുവൻ ചോർന്നൊലിക്കുമെന്നും ഒപ്പം ഇഴജന്തുക്കളുടെയും പ്രാണികളുടെയും ശല്യം രൂക്ഷമാണെന്നും റുവാനിയയുടെ അമ്മ പറയുന്നു. ഓട്ടോ ഡ്രൈവറായ പിതാവിന്റെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.

വീടിനായി പലതവണ അപേക്ഷകൾ നൽകിയെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പഠിച്ച് മിടുക്കിയായി ഭാവിയിൽ കടം വീട്ടാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകുന്ന ഈ ആറുവയസ്സുകാരിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.