
കോട്ടയം: മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ളത് കോടികള്‍. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മരുന്നു വിതരണം നിർത്തി കമ്പനികള്‍. വിവിധ മരുന്നു കമ്പനികള്‍ക്കായി 138 കോടി കുടിശികയാണ് കോട്ടയം മെഡിക്കല്‍ കോളജിനുള്ളത്.
ഇതോടെ പല മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. ഇതിന് വൻതുക നല്‍കണം. സാമ്പത്തിക ശേഷിയില്ലാത്തവർ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത്. ഡോക്ടർമാരും നിസഹായരാണ്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാല്‍ പാവപ്പെട്ട രോഗികള്‍ വലയും.
ഹൃദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളെല്ലാം നിലച്ചു. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മരുന്നും ഉപകരണങ്ങളും വാങ്ങുകയാണ് രോഗികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാൻസർ മരുന്നിനടക്കം ഉയർന്ന വിലയാണ്. സാധാരണക്കാർക്ക് പുറത്തുനിന്ന് വാങ്ങുകയെന്നത് ചിന്തിക്കാൻ പോലുമാകില്ല. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തില്‍ നിന്ന് ഏജൻസികള്‍ ഉപരണങ്ങള്‍ എടുത്തുകൊണ്ടു പോയിട്ടു ഒരുനടപടിയും സ്വീകരിക്കാനാകുന്നില്ല.
അഞ്ച് ജില്ലകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിനു രോഗികളുടെ ആശ്രയ കേന്ദ്രമാണ് കോട്ടയം മെഡിക്കല്‍ കോളജ്, മികച്ച ഡോക്ടർമാരും മികവുറ്റ സേവനവും ലഭ്യമാണെങ്കിലും പണം ഇല്ലാതെ വന്നതോടെ ആശുപത്രി അധികൃതരും പ്രതിസന്ധിയിലാണ്.
ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിംഗ് കൗണ്ടർ പേരിന് മാത്രമാണ്. ഇവിടെ നിന്ന് മരുന്ന് വിതരണം ചെയ്തതില്‍ മാത്രം 41 കോടി രൂപ വിതരണക്കാർക്ക് കൊടുക്കാനുണ്ട്.







