
തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ ജീവിതം കടുത്ത റിസ്കിലാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്.
സംസ്ഥാനത്ത് ജോലിക്കിടെ ഷോക്കേറ്റ് ജീവൻ നഷ്ടമാകുന്ന KSEB ലൈൻമാൻമാരുടെ എണ്ണം പേടിപ്പെടുത്തുന്ന രീതിയില്‍ കൂടുകയാണ്. കഴിഞ്ഞ 6 വർഷത്തിനിടെ മാത്രം 98 ജീവനക്കാരാണ് ഷോക്കേറ്റ് മരണത്തിന് കീഴടങ്ങിയത്.
ഇതില്‍ ഏറ്റവും സങ്കടകരമായ കാര്യം, മരിച്ചവരില്‍ പകുതിയിലധികവും തുച്ഛമായ ശമ്പളത്തിന് താല്‍ക്കാലികമായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരാണ് എന്നതാണ്. സ്ഥിരം ജീവനക്കാരായ 44 പേർക്കും ഈ കാലയളവില്‍ ജീവൻ നഷ്ടമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പാലക്കാട് മുടപ്പല്ലൂരിലും അടിമാലിയിലും സമാന രീതിയില്‍ ജീവനക്കാർ ഷോക്കേറ്റ് മരിച്ചതോടെയാണ് ഈ സുരക്ഷാ വീഴ്ച വീണ്ടും ചർച്ചയാകുന്നത്.
വെറുമൊരു മരണസംഖ്യ മാത്രമല്ല, ഈ ആറുവർഷത്തിനിടയില്‍ 167 കരാർ ജീവനക്കാർ ഉള്‍പ്പെടെ 274 പേർക്ക് ജോലിക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ലൈനില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ പെട്ടെന്ന് ഷോക്കേറ്റ് പോസ്റ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണാണ് ഭൂരിഭാഗം പേർക്കും അപകടം സംഭവിക്കുന്നത്.
വൈദ്യുതി ലൈനുകള്‍ക്ക് പുറമെ, പോസ്റ്റ് ഉറപ്പിച്ചു നിർത്താൻ കെട്ടുന്ന സ്റ്റേ വയറുകളില്‍ നിന്ന് വരെ ജീവനക്കാർക്ക് ഷോക്കേല്‍ക്കുന്ന അവസ്ഥയുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാൻ ജീവനക്കാർ കൃത്യമായി സേഫ്റ്റി ഗിയറുകള്‍ ധരിക്കണമെന്നും മേല്‍നോട്ടം വേണമെന്നും അധികൃതർ പറയുമ്പോഴും, ഗ്രൗണ്ട് ലെവലിലെ യാഥാർത്ഥ്യം മറ്റൊന്നാണ്.
പ്രത്യേകിച്ച് കാലവർഷം തുടങ്ങുന്നതോടെ കനത്ത കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ തകരാറിലാകുമ്പോള്‍, ആവശ്യത്തിന് ജീവനക്കാരില്ലാതെ കടുത്ത ജോലിഭാരത്തോടെ പണിയെടുക്കേണ്ടി വരുന്നതാണ് പലപ്പോഴും ഇവരെ മരണക്കെണിയിലേക്ക് തള്ളിവിടുന്നത്.






