
ആലപ്പുഴ: വെള്ളാപ്പള്ളിയുമായി വേദി പങ്കിടേണ്ടി വന്ന പരിപാടിയില്‍ നിന്നും വിട്ടുനിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം.
ലിജുവും. ആലപ്പുഴയില്‍ നടക്കാനിരുന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചിരിക്കുന്നത്. ആലപ്പുഴ പഴവീട് കൃഷ്ണ കണ്വെന്ഷന് സെന്ററില്‍ ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയില്‍ നിന്നുമാണ് ഇരുവരും വിട്ടു നിന്നത്.
നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇരുവരും സമ്മതം അറിയിക്കുകയും വന്ദേഭാരതില്‍ വൈകിട്ട് ആലപ്പുഴയില്‍ എത്താനുമായിരുന്നു പരിപാടി. ട്രെയിനില്‍ ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വെള്ളാപ്പള്ളി നടേശനുമായി ഇവര്‍ വേദി പങ്കിടുന്നത് വാര്‍ത്തയായ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അസൗകര്യമുണ്ടെന്ന് ഇരുവരും അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം വേദി പങ്കിടാന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും ഒരുങ്ങുന്നത് നേരത്തേ ചാനലുകള്‍ വാര്‍ത്തയാക്കി മാറ്റിയിരുന്നു. ജില്ലയിലെ എംഎല്‍എമാരെ ആദരിക്കുന്ന ചടങ്ങിലേക്കാണ് ക്ഷണം. പരിപാടിയുടെ പോസ്റ്ററില്‍ ഈ നേതാക്കളുടെ ചിത്രവും അച്ചടിച്ച് വന്നിട്ടുണ്ട്. എന്നാല്‍ സജി ചെറിയാന് നേരത്തേ പരിപാടിക്കെത്തില്ലെന്നും അസൗകര്യം സംഘാടകരെ അറിയിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎമ്മിനോട് അനുഭാവം പ്രകടിപ്പിക്കുന്ന വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തേ തന്നെ കോണ്‍ഗ്രസില്‍ ശക്തമാണ്. മന്ത്രിയായതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങുന്ന ബിന്ദു കൃഷ്ണയുടെ നടപടിയില്‍ വിമര്‍ശനം ശക്തമായിരുന്നു. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു.
അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമായിരുന്നു വിമര്‍ശനം. സന്ദര്‍ശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാവര്ക്കും ക്ഷീരദിനാശംകള് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പരിപാടിയിലേക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, എംഎല്‍എമാരായ ജി സുധാകരന്, പി പ്രസാദ്, സജി ചെറിയാന്, എം എസ് അരുണ്‍ കുമാര്‍, എ ഡി തോമസ്, റെജി തോമസിനും പരിപാടിക്ക് ക്ഷണമുണ്ടായിരുന്നു.







