
തിരുവനന്തപുരം: 2011-ല്‍ വി.എസ്. അച്യുതാനന്ദൻ സർക്കാരിന് വീണ്ടും ഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ശ്രമിച്ചിരുന്നതായി വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന കെ.സുരേഷ് കുമാർ .
വി.എസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 13 മണ്ഡലങ്ങളില്‍ പ്രത്യേകമായി സ്ഥാനാർഥികളെ നിർത്തിയെന്നാണ് ആരോപണം. ഇക്കാര്യം വി.എസ് തന്നെ തന്നോട് നേരിട്ട് പറഞ്ഞതാണെന്ന്, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കല്‍ ദൗത്യസംഘത്തില്‍ അംഗമായിരുന്ന സുരേഷ് കുമാർ തന്റെ ‘വിഎസിനൊപ്പം എന്റെ ദിനങ്ങള്‍’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു .
സി.പി.ഐയുടെ നേതൃത്വത്തില്‍ വലിയ തോതില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് വി.എസ് മൂന്നാർ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിക്ക് ഇറങ്ങിയത്. കയ്യേറ്റങ്ങള്‍ നിരീക്ഷിക്കാൻ അന്നത്തെ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ അതില്‍ പരാജയപ്പെട്ടു. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന കെട്ടിടത്തിന് മുന്നിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തി യന്ത്രം എത്തുമ്പോള്‍ അത് സി.പി.ഐ ഓഫിസാണെന്ന കാര്യം ദൗത്യസംഘത്തിന് അറിയില്ലായിരുന്നു. പിന്നീട് ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ടുപോയപ്പോള്‍ സി.പി.എമ്മും സി.പി.ഐയും ഒന്നിച്ച് വി.എസിനെ തടയാൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് കുമാർ ലോട്ടറി ഡയറക്ടറായിരുന്ന സമയത്ത് എറണാകുളത്ത് അടച്ചുപൂട്ടിയ 25 ഓണ്‍ലൈൻ ലോട്ടറി കേന്ദ്രങ്ങള്‍ വി.എസിന്റെ മകൻ അരുണ്‍കുമാറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. എന്നാല്‍ സ്വന്തം ബന്ധുവിന്റെ സ്ഥാപനങ്ങളാണെന്ന് അറിഞ്ഞിട്ടും ഓണ്‍ലൈൻ ലോട്ടറിക്കെതിരെയുള്ള നിയമപോരാട്ടത്തില്‍ വി.എസ് സുരേഷ് കുമാറിന് പൂർണ്ണ പിന്തുണയാണ് നല്‍കിയത്.
ലോട്ടറി മാഫിയ നടത്തിയ കോടിക്കണക്കിന് രൂപയുടെ വില്പന നികുതി വെട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് മനഃപൂർവം വീഴ്ച വരുത്തിയെന്ന് വി.എസ് തന്നോട് പറഞ്ഞിരുന്നതായും പുസ്തകത്തിലുണ്ട്. ഈ വിവാദ പുസ്തകം തിരുവനന്തപുരത്ത് വെച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നല്കി ഇന്ന് പ്രകാശനം ചെയ്യും.







