
ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ തുടക്കം കുറിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് വൻ ജനപിന്തുണ.
പാർട്ടി പ്രഖ്യാപിച്ച് വെറും 10 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് പ്രസ്ഥാനത്തില്‍ അംഗത്വമെടുത്തത്. വെള്ളിയാഴ്ചയാണ് അണ്ണാമലൈ ബിജെപി വിട്ട് ‘വി ദ ലീഡേഴ്സ്’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചത്. തന്റെ പുതിയ പ്രസ്ഥാനത്തിന് ലഭിച്ച പ്രതികരണത്തിന് അണ്ണാമലൈ എക്സിലൂടെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.
“നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനം ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വെറും 10 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികം നേതാക്കളാണ് ഇതില്‍ രജിസ്റ്റർ ചെയ്തത്. നമ്മുടെ കൂട്ടായ ലക്ഷ്യത്തിലും കാഴ്ചപ്പാടിലുമുള്ള ജനങ്ങളുടെ വളർന്നുവരുന്ന വിശ്വാസത്തിന്റെ ശക്തമായ തെളിവാണ് ഈ അസാധാരണ പ്രതികരണം. ഈ പ്രസ്ഥാനത്തില്‍ വിശ്വസിച്ച ഓരോരുത്തർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,” അണ്ണാമലൈ കുറിച്ചു.
വ്യക്തിപൂജകളും കപടഭക്തിയും വംശീയ രാഷ്ട്രീയവും പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് സാധാരണക്കാര കേന്ദ്രീകൃതമായ ഭരണവും രാഷ്ട്രീയവും കെട്ടിപ്പടുക്കുകയാണ് വി ദ ലീഡേഴ്സ് പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് അണ്ണാമലൈ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020 ഓഗസ്റ്റിലാണ് ബിജെപിയില്‍ ചേരുന്നത്. വളരെ പെട്ടെന്ന് തന്നെ പാർട്ടിയില്‍ ഉയർന്ന പദവികളിലേക്ക് എത്തിയ അദ്ദേഹം ആഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാന വൈസ് പ്രസിഡന്റായും 2021-ല്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷനായും നിയമിതനായി.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ സ്വാധീനം വർദ്ധിപ്പിക്കാൻ ബിജെപിയ്ക്ക് സാധിച്ചിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം 3 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 2024-ല്‍ 11 ശതമാനമായി ഉയർത്താൻ അണ്ണാമലൈയ്ക്ക് കഴിഞ്ഞു. എങ്കിലും തമിഴ്‌നാട്ടില്‍ ഒരു പാർലമെന്റ് സീറ്റ് പോലും നേടാൻ ബിജെപിയ്ക്ക് സാധിച്ചിരുന്നില്ല. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവകുറിച്ചിയില്‍ നിന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നും അണ്ണാമലൈ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എങ്കിലും തമിഴ്‌നാട്ടിലെ യുവവോട്ടർമാർക്കിടയില്‍ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ മുഖമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1984 ജൂണ്‍ 4-ന് കരൂർ ജില്ലയിലാണ് അണ്ണാമലൈ ജനിച്ചത്. കോയമ്പത്തൂർ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗും, ഐഐഎം ലഖ്‌നൗവില്‍ നിന്ന് എംബിഎ ബിരുദവും നേടി. രാഷ്ട്രീയം തിരഞ്ഞെടുക്കുന്നതിന് മുൻപ് കർണാടകയില്‍ ഐ.പി.എസ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഉഡുപ്പിയിലെ ഔദ്യോഗിക കാലയളവില്‍ വലിയ ജനപ്രീതി നേടിയിരുന്നു. സിങ്കം എന്ന പേരാണ് ആരാധകർ അദ്ദേഹത്തിന് നല്‍കിയിരുന്നത്.
വി ദ ലീഡേഴ്സ് പ്രസ്ഥാനത്തിന് ലഭിച്ച ഈ വൻ ജനപിന്തുണ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2031ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ പ്രസ്ഥാനത്തെ ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറ്റാൻ അണ്ണാമലൈയ്ക്ക് സാധിക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.







