
തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു.
ലഹരിമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി വേരറുക്കാനായി രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പൊലീസ് വലയിലാക്കിയിട്ടുണ്ട്.
രണ്ട് പ്രധാന അറസ്റ്റ് നടന്നതായി മന്ത്രി അറിയിച്ചു. ‘രണ്ട് പ്രധാനപ്പെട്ട ക്യാച്ചാണ് ലഭിച്ചത്. പന്തളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടു നൈജീരയൻ പൗരനെയും പെരുനാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടു വിദേശ വനിതയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി പൊലീസിൻ്റെ സഹായത്തോടെ വളരെ ശ്രമകരമായാണ് കേരള പൊലീസ് സംഘം നൈജീരയൻ പൗരനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നാണ് വിദേശ വനിതയെ പിടികൂടിയത്.
വിദേശത്തുനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും. ഇവരെ പിടികൂടിയത് വലിയ നേട്ടമാണ്’- രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചില്‍ തൂഫാൻ ഇൻ്റലിജൻസ് എന്ന പേരില്‍ ഒരു സംഘത്തെ മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനായി മാത്രം നിയോഗിച്ചിട്ടുണ്ട്. മയക്കമരുന്നിൻ്റെ ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ അത് നശിപ്പിക്കാൻ കഴിയൂ. മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ആർക്ക് വേണമെങ്കിലും പൊലീസിന് കൈമാറാം.
9497979794, 9497927797 എന്നീ നമ്പരുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. 9995966666 എന്നീ വാട്സ്‌ആപ്പ് നമ്പരിലേക്കും വിവരങ്ങള്‍ നല്‍കാം. രഹസ്യവിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.







