
നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ വളർത്തച്ഛൻ അഷ്കർ, അമ്മ അഖില എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ ചോദ്യം ചെയ്യണമെന്ന പൊലീസിൻ്റെ പ്രത്യേക ആവശ്യം അംഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കുഞ്ഞിനെ മർദ്ദിച്ച വസ്തുക്കൾ കണ്ടെത്തണമെന്നും കൂടുതൽ ചോദ്യം ചെയ്യൽ കേസിൽ അനിവാര്യമാണെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിലായിരുന്നു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരുന്നത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയായിരുന്നു പ്രതികളെ റിമാൻഡിലാക്കിയത്.
രണ്ടാനച്ഛൻ അഷ്കർ ഒരു കൊടും ക്രിമിനലാണെന്ന സംശയം ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകളുണ്ടായിരുന്നു. അതിൽ അമ്പതിലധികം പുറം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തിയിരുന്നു. ചോറുകൊടുക്കുമ്പോൾ കരഞ്ഞതിനാലാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് രണ്ടാനച്ഛൻ അഷ്കർ പൊലീസിന് നൽകിയ മൊഴി. എന്നാൽ അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നത് മുറിവുകളുടെ വ്യാപ്തിയായിരുന്നു. ഒരു മാസത്തിനുള്ളിലാണ് ഭൂരിഭാഗം മുറിവുകളും ഉണ്ടായതെന്നാണ് കണ്ടെത്തൽ.
പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു. പിന്നീട്, കുഞ്ഞിനെ കൊലപ്പെടുത്തിയതായി അഷ്‌കറും കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







