
എൽഐസി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ്റെ 35ആം ഡിവിഷണൽ സമ്മേളനവും, ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 9 മണിക്ക് ബേക്കർ ജംഗ്ഷന് സമീപമുള്ള ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം അഖിലേന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീകാന്ത് മിശ്ര നിർവഹിക്കും. 35ആം ഡിവിഷണൽ സമ്മേളനം സിഎസ്‌ഐ റിട്രീറ്റ് സെൻ്ററിൽ രാവിലെ 9.30ന് എൽഐസി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ പ്രസിഡണ്ട് കെ സുരേഷ് പതാക ഉയർത്തുന്നതോടെ ആരംഭിക്കും.
മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്നും വിരമിക്കുന്ന എൽഐസി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ വൈസ് പ്രസിഡണ്ട് കെഎസ് ശൈലേഷ് കുമാറിന് സമ്മേളനത്തിൽ സ്വീകരണം നൽകും. എം കുഞ്ഞികൃഷ്ണൻ(ജനറൽ സെക്രട്ടറി, അഖിലേന്ത്യാ ഇൻഷുറൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ), പിപി കൃഷ്ണൻ(വൈസ് പ്രസിഡണ്ട്, എഐഐഇഎ), വി സുരേഷ്(സോണൽ ജനറൽ സെക്രട്ടറി), കെഎം രാധാകൃഷ്ണൻ(ജില്ലാ സെക്രട്ടറി, കർഷക സംഘം), അഡ്വ. കെ അനിൽകുമാർ(ജില്ലാ സെക്രട്ടറി, സിഐടിയു), അഡ്വ. റെജി സഖറിയ(ജില്ലാ പ്രസിഡണ്ട്, സിഐടിയു) തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന ജനറൽ കൗൺസിൽ യോഗം ജൂൺ 7നും തുടരും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എൽഐസി ജീവനക്കാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.






