
കോട്ടയം: അഞ്ചു മാസത്തിനുള്ളില്‍ ജില്ലയില്‍ നായ കടിയേറ്റു ചികിത്സ തേടിയത് 3194 പേര്‍, കഴിഞ്ഞ മാസം മാത്രം 596 പേർ ചികിത്സ തേടി.
തെരുവുനായകള്‍ക്കൊപ്പം വളര്‍ത്തു നായകളുടെ കടിയേറ്റും ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ മാസം ആരംഭിച്ച ശേഷവും നായ കടിയേറ്റു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്നു അധികൃതര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ തെരുവുനായ നിയന്ത്രണ പരിപാടികളില്‍ നിന്നു പിന്നാക്കം പോയത് തെരുവു നായ ശല്യം വര്‍ധിക്കാന്‍ കാരണമായി.
ഓരോ ദിനവും തെരുവു നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്നലെ അയല്‍ജില്ലയായ ആലപ്പുഴയിലെ കായംകുളത്തു വിദ്യാര്‍ഥിക്ക് ഉള്‍പ്പെടെ തെരുവു നായയുടെ കടിയേറ്റിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാര്‍ഥികള്‍ ഓരോ ദിവസവും തെരുവുനായകളുടെ ശല്യത്തില്‍ നിന്നു രക്ഷപ്പെട്ടു സ്‌കൂളില്‍ എത്തുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. മുമ്പ്, നഗര പ്രദേശങ്ങളിലാണ് തെരുവു നായ ശല്യം രൂക്ഷമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും ശല്യം വര്‍ധിച്ചിരിക്കുകയാണ്. അടുത്തിടെ, തിരുവഞ്ചൂര്‍ നീലാണ്ടപടിക്കു സമീപം ഏഴു പേര്‍ക്കു നായയുടെ കടിയേറ്റിരുന്നു. കോട്ടയം നഗരത്തില്‍ മാത്രം 727 തെരുവുനായകള്‍ ഉണ്ടെന്നാണു കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള എ.ബി.സി. പദ്ധതി നടക്കുന്നതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും പഴയ വേഗമില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ സ്‌ഥാപനങ്ങളില്‍ അധികാര കൈമാറ്റം നടന്ന വര്‍ഷമായതിനാല്‍ പദ്ധതിയെക്കുറിച്ച് പുതിയ ഭരണസമിതികള്‍ സജീവമായി ആലോചിച്ചു തുടങ്ങുന്നതേയുള്ളൂ. തെരുവു നായകളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പു നല്‍കി വളര്‍ത്താന്‍ നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
പദ്ധതി സര്‍ക്കാര്‍ അനുമതിയ്‌ക്കായി നല്‍കിയിരിക്കുകയാണ്.
തദ്ദേശ സ്‌ഥാപനങ്ങളുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ പാളുന്നത് തെരുവുനായ ശല്യം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. കോട്ടയം നഗരത്തില്‍ ഉള്‍പ്പെടെ തെരുവുനായകള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്ന രീതിയില്‍ മാലിന്യം പല ഇടങ്ങളിലും തള്ളുന്നുണ്ട്.
കോട്ടയത്തെ മത്സ്യ മാര്‍ക്കറ്റിനോടു ചേര്‍ന്നു മാത്രം നിരവധി തെരുവു നായകളാണ് തമ്പടിച്ചിരിക്കുന്നത്. നായകള്‍ക്ക് ആവശ്യമായ മീന്‍ അവശിഷ്‌ടങ്ങള്‍ യഥേഷ്‌ടം തെരുവുനായ കൂട്ടമെത്താന്‍ കാരണം. രാത്രി, പകല്‍ ഭേദമെന്യേ ഇതുവഴി കടന്നു പോകുന്നവര്‍ തെരുവു നായ ആക്രമണത്തിനു വിധേയരാകുന്നതും പതിവു സംഭവമാണ്







