
ആലപ്പുഴ: നവകേരള സദസിനിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ പ്രതികളുടെ വാദം പൊളിച്ച് എസ്‌ഐടി റിപ്പോര്‍ട്ട്.
പ്രതിഷേധത്തിനിടെ ബസ്സിന് നേരെ കല്ലേറുണ്ടായെന്ന ആരോപണം തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധനയില്‍ സാധിച്ചില്ലെന്നും കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ മൊഴി പ്രതികള്‍ക്ക് എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികള്‍ ഉപയോഗിച്ച ലാത്തി കൊണ്ടുള്ള അടി ഗുരുതര പരിക്ക് ഉണ്ടാക്കുന്നതാണ്. മരണം വരെ സംഭവിക്കാം എന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മര്‍ദ്ദനമേറ്റവര്‍ക്ക് കഴുത്തിലും തലയ്ക്കും പലതവണ അടിയേറ്റു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 308 ചുമത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയേറ്റ് എ ഡി തോമസിന്റെ തല പൊട്ടി ചോരയൊലിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. പരിക്കിന്റെ ആഴത്തെ കുറിച്ച് മെഡിക്കല്‍ വിദഗ്ധരുടെയും അഭിപ്രായം തേടിയിരുന്നു.
കേസ് അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്ന് എസ്‌ഐടി റിപ്പോര്‍ട്ടിലുണ്ട്. കോടതിക്ക് മുന്നിലെത്തിയ തെളിവുകള്‍ പോലും നശിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരും തെളിവുകള്‍ നശിപ്പിക്കുകയും മാറ്റം വരുത്തുകയും ചെയ്തു.
ഇവര്‍ക്കെതിരെയും അന്വേഷണം ആവശ്യമാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെയും തെളിവുകളും ഇല്ലാതാക്കും. നേരത്തെ തെളിവ് നശിച്ചപ്പോഴേക്കും പ്രതികള്‍ക്ക് പങ്കുണ്ട്. ഉന്നതതല ബന്ധമുള്ളവരാണ് പ്രതികളെന്നും എസ്‌ഐടി പറയുന്നു.
നവ കേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി സഞ്ചരിച്ച ബസ്സിന് നേരെ കല്ലേര്‍ ഉണ്ടായി എന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ബസ്സിന് നേരെ കല്ലേറ് ഉണ്ടായിട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴിയും. ബസ്സിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്ന് മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വേണ്ടത് അന്വേഷണത്തിന് അത്യാവശ്യമാണെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ നീതി നിര്‍വഹണം തടസ്സപ്പെടുമെന്നും എസ്‌ഐടി റിപ്പോര്‍ട്ടിലുണ്ട്.







