മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്; അന്വേഷണം അട്ടിമറിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
തിരുവനന്തപുരം: സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് കേസിലെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്.
അന്വേഷണസംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇപ്പോള്‍ പകരം ചുമതല. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തില്‍ ഷീന്‍ തറയില്‍ തുടരും.
കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോഴാണ് ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. എന്നാൽ ഇത് കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച്ച വരുത്തി സസ്‌പെന്‍ഷനിലായ മ്യൂസിയം എസ്.ഐ ജയപ്രകാശ് കേസില്‍ സാക്ഷിയാണ്. അപകടത്തിനു പിന്നാലെ ആദ്യം സ്ഥലത്തെത്തിയവരെന്ന നിലയില്‍ എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സാക്ഷിയാക്കാന്‍ ഡി.വൈ.എസ്.പി ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
ലഭിച്ച സാക്ഷിമൊഴികളും തെളിവുകളും വിലയിരുത്തി രണ്ടാഴ്ച്ചക്കകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. മദ്യപിച്ച് വാഹനമോടിച്ച് മനഃപൂര്‍വം അപകടം സൃഷ്ടിച്ചെന്ന കുറ്റമാകും ശ്രീറാമിനെതിരെ ചുമത്തുക. ശ്രീറാം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന സാക്ഷിമൊഴികളും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ മൊഴിയുമാണ് മദ്യപിച്ചു വാഹനമോടിച്ചതിനു തെളിവായി കോടതിയില്‍ സമര്‍പ്പിക്കുക.
കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശ്രീറാമിന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിനുശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാമിന് നിസാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ കോളേജില്‍ നിന്ന് വിശദാംശങ്ങള്‍ തേടുന്നത്.