
ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്ക് സർവീസിനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ജൂണ്‍ മൂന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. യശ്വന്ത്പൂർ, മംഗളൂരു സെൻട്രല്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് പരീക്ഷണയോട്ടം നടക്കുക.
നിലവില്‍ യശ്വന്ത്പൂരില്‍നിന്ന് മംഗളൂരു സെൻട്രല്‍ വരെ ഏകദേശം 8.5 മണിക്കൂറാണ് യാത്രാ ദൈർഘ്യം.
ഓട്ടോ എമർജൻസി ബ്രേക്കോടുകൂടിയ എട്ടുകോച്ചുകളുള്ള ട്രെയിനാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുക.
യശ്വന്ത്പൂരില്‍നിന്ന് പുലർച്ചെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഒൻപതിന് ഹാസനില്‍ എത്തിച്ചേരുന്ന വിധത്തിലാണ് പരീക്ഷണയോട്ടം നടക്കുക. തുടർന്ന് 9.10ന് ഹാസനില്‍നിന്ന് പുറപ്പെട്ട് 9.55ന് ശകലേഷ്പുരിലും 12.30ന് സുബ്രഹ്മണ്യ റോഡിലും എത്തിച്ചേരും. 2.05ന് പാഡിലില്‍ എത്തിച്ചേരുന്ന ട്രെയിൻ, 2.40ന് മംഗളൂരു സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും. മംഗളൂരുവില്‍നിന്ന് 2.45ന് മടങ്ങുന്ന ട്രെയിൻ രാത്രി 11ന് യശ്വന്ത്പുരില്‍ എത്തിച്ചേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

57 തുരങ്കങ്ങളും 226 പാലങ്ങളും 108 കൊടുംവളവുകളും ഉള്‍പ്പെടുന്ന പാതയുടെ വൈദ്യുതീകരണം രണ്ട് വർഷമെടുത്താണ് റെയില്‍വേ പൂർത്തിയാക്കിയത്. ഹസൻ – മംഗളൂരു റെയില്‍വേ ലൈനിലെ 55 കിലോമീറ്റർ ദൈർഘ്യമുള്ള ശകലേഷ്പുർ – സുബ്രഹ്മണ്യ റോഡ് സെക്ഷൻ ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികള്‍ നിറഞ്ഞ റെയില്‍വേ പാതകളിലൊന്നാണ്. പരീക്ഷയോട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ വൈകാതെ ട്രെയിൻ സർവീസ് ആരംഭിച്ചേക്കും.







