
കോട്ടയം: പുത്തനുടുപ്പും ബാഗും കുടയും ചോറ്റുപാത്രവുമായി കുട്ടികള്‍ സ്കൂളുകളിലേക്ക്. ഇനിയുള്ള പ്രഭാതങ്ങള്‍ നാട്ടു നഗരവഴികളില്‍ യൂണിഫോമില്‍ പോകുന്ന കുട്ടികളുടെയും സ്കൂള്‍ ബസുകളുടെയും കാഴ്ചയാണ്.
നീണ്ട വേനല്‍ അവധിക്കു ശേഷം ഇന്നു സ്കൂളുകള്‍ തുറക്കുന്നു. പ്രവേശനോത്സവത്തോടെയാണ് അധ്യയന വര്‍ഷത്തിനു തുടക്കമാകുന്നത്. മുതിര്‍ന്ന കുട്ടികളും അധ്യാപകരും ചേര്‍ന്ന് മധുരം നല്കി നവാഗതരെ സ്വീകരിക്കും.
പ്രവേശനോത്സവത്തിന്റെ ജില്ലാ, ഉപജില്ലാ, പഞ്ചായത്തുതല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങള്‍ സ്കൂളുകളിലെത്തി. ഇന്നു മുതല്‍ സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണവും തുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ വരവേല്‍ക്കാന്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും സജ്ജമായിക്കഴിഞ്ഞു. ജില്ലയില്‍ ഈ വര്‍ഷം 8,010 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്.
പുതിയ അധ്യയന വര്‍ഷത്തിന്റെ ജില്ലാതല പ്രവേശനോത്സവം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ 9.30ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടൊപ്പം സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കി. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം വര്‍ണാഭമായി സംഘടിപ്പിക്കും.
പിടി.എകളുടെ നേതൃത്വത്തില്‍ നവാഗതര്‍ക്കായി പ്രത്യേക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുര വിതരണവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.







