
ഡല്‍ഹി: സിംഗപ്പൂർ ബാഡ്‌മിന്റണ്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ സഖ്യം.
ഇന്തോനേഷ്യയുടെ ഫജർ അല്‍ഫിയാൻ – മുഹമ്മദ് ഫിക്രി സഖ്യത്തെ 18-21, 21-17, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തി സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയുമാണ് കിരീടം ചൂടിയത്.
മൂന്ന് ഗെയിമുകള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ആദ്യം പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യൻ സഖ്യം വിജയിച്ചുകയറിയത്. സിംഗപ്പൂർ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യം കൂടിയാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024ലെ അവസാന കിരീടത്തിനുശേഷം നിരവധി തവണ ഫൈനലിലെത്തിയെങ്കിലും ഇതുവരെ ഫിനിഷിംഗ് ലൈൻ കടക്കാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. നിലവില്‍ ലോക നാലാം നമ്പർ താരങ്ങളാണ് ഇവർ.
ഏഷ്യൻ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്മാരായ സാത്വിക് – ചിരാഗ് സഖ്യത്തിന്റെ കരിയറിലെ ഒമ്പതാം വേള്‍ഡ് ടൂർ കിരീടവും മൂന്നാമത്തെ സൂപ്പർ 750 കിരീടവും കൂടിയാണിത്. സിംഗപ്പൂർ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിള്‍സ് സഖ്യമെന്ന ചരിത്രനേട്ടവും ഇവർക്ക് സ്വന്തം.
2024ല്‍ തായ്‌ലാൻഡ് ഓപ്പണിലാണ് സാത്വിക്കും ചിരാഗും അവസാനമായി ട്രോഫി ഉയർത്തിയത്. അതിനുശേഷം നാല് റണ്ണേഴ്‌സ്-അപ്പ് നേട്ടങ്ങള്‍ സ്വന്തമാക്കി.
നിലവിലെ ലോക ചാമ്പ്യന്മാരായ കിം വോണ്‍ ഹോ, ദക്ഷിണ കൊറിയയുടെ സിയോ സിയുങ് ജെയ് എന്നിവരെ പരാജയപ്പെടുത്തിയാണ് സഖ്യം സെമിഫൈനലില്‍ വിജയം നേടിയത്.







