Spread the love

കോട്ടയം: കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയായി 10 വർഷം പൂർത്തീകരിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളം ആദരവ് ഒരുക്കുന്നു.

video
play-sharp-fill

‘സർഗ്ഗസ്നേഹം’ എന്ന പേരിൽ കേരളത്തിലെ അമ്പതോളം സാംസ്‌കാരിക സംഘടനകളാണ് ശ്രദ്ധേയമായ സാംസ്‌കാരിക ദൗത്യം നിർവ്വഹിച്ച കേരളത്തിന്റെ പ്രിയപ്പെട്ട നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവ് ഒരുക്കുന്നത്.

മെയ് 31ന് രാവിലെ ഭാരത് ഭവൻ ഹൈക്യൂ തിയേറ്ററിൽ ആരംഭിക്കുന്ന സാംസ്‌കാരിക ദിനരാത്രത്തിലാണ് ആദരവൊരുക്കുന്നത്. രാവിലെ 10ന് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖിയെ അവലംബിച്ച് പ്രമോദ് പയ്യന്നൂർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച്, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ബാല്യകാലസഖി’ പ്രദർശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചമുതൽ നാടകാവതരണം, സംഗീത വിരുന്ന്, ആധുനിക നൃത്താവിഷ്കാരങ്ങൾ, ഇംപ്രോ തീയറ്റർ അവതരണം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടക്കും. വൈകുന്നേരം 5.30 ന് ഡോ. ജോർജ്ജ് ഓണക്കൂറിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക കൂട്ടായ്മ ഡോ.കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, മോൺ. ഫാ യൂജിൻ പെരേര, സൂര്യ കൃഷ്ണമൂർത്തി, കൈരളി സീനിയർ ഡയറക്ടർ വെങ്കിട്ട് രാമൻ, ഡോ.പുനലൂർ സോമരാജൻ, കവയിത്രി റോസ് മേരി, പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, വട്ടപ്പറമ്പിൽ പീതാംബരൻ, പ്രൊഫ.വി.കാർത്തികേയൻ നായർ, എം.ആർ.ഗോപകുമാർ, ഡോ.നീനാ പ്രസാദ്,നടൻ അപ്പാനി ശരത്ത്, പിന്നണി ഗായികമാരായ അഖില ആനന്ദ്, അനിതാ ഷെയ്ക്ക്, റാണി മോഹൻദാസ്, നടി സേതു ലക്ഷ്മി, ഗായകൻ ശ്രീറാം, നടൻ ജോബി, മാധ്യമ പ്രവർത്തകരായ ബൈജു ചന്ദ്രൻ, എസ്. രാധാകൃഷ്ണൻ തുടങ്ങി സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഇന്ത്യയിലെ വിവിധ ഭാഷാ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും.

കേരളത്തിലെ 50 ഓളം സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും, ഭാരത് ഭവന്റെ 10 വർഷക്കാലയളവിലെ ഭരണ നിർവ്വഹണ സമിതി അംഗങ്ങളും, തൈക്കാട് റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും, ഓട്ടോ തൊഴിലാളികളും പങ്കെടുക്കും.

രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന സർഗ്ഗസ്നേഹം പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകരായ കൾച്ചർ വൺ സാംസ്‌കാരിക കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.