Spread the love

കുന്നിക്കോട്: പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് നേരിടേണ്ടി വന്ന അപ്രതീക്ഷിത പരാജയം കെ.ബി. ഗണേഷ് കുമാറിന്റെ അഹങ്കാരവും തന്‍പ്രമാണിത്തവും സ്വയം വരുത്തിവെച്ചതുമാണെന്ന് സി.പി.ഐ.
കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മുന്നണി സംവിധാനങ്ങളെയാകെ അപ്രസക്തമാക്കി സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ തീരുമാനിച്ച ഗണേഷിന്റെ ശൈലിയാണ് മണ്ഡലം കൈവിട്ടുപോകാന്‍ പ്രധാന കാരണമെന്ന് മണ്ഡലം സെക്രട്ടറി എം. നൗഷാദ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മന്ത്രിയായിരുന്നപ്പോള്‍ എന്തും എങ്ങനെയും വിളിച്ചുപറയാമെന്ന ഗണേഷിന്റെ ചിന്താഗതി ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

video
play-sharp-fill

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മണ്ഡലത്തില്‍ നടന്ന പ്രചാരണ പരിപാടികളിലും കൂടിയാലോചനകളിലും ഇടതുമുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ ഗണേഷ് കുമാറോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറായിരുന്നില്ല. ഘടകകക്ഷികളോട് കാണിച്ച ഈ അവഗണനയും ഏകപക്ഷീയമായ തീരുമാനങ്ങളും താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ നിസ്സംഗതയാണ് ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതില്‍ കാണിച്ച ഈ വീഴ്ച വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായാണ് ഏരിയ കമ്മിറ്റിയിലെ അംഗങ്ങള്‍ ഒരേസ്വരത്തില്‍ ചൂണ്ടിക്കാണിച്ചത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും ഇളമ്പലില്‍ വെച്ച്‌ എന്‍.എസ്.എസ്. അംഗങ്ങള്‍ക്കെതിരെയും ഗണേഷ് കുമാര്‍ നടത്തിയ വിവാദപരമായ പരാമര്‍ശങ്ങള്‍ വോട്ടര്‍മാരെ എല്‍.ഡി.എഫില്‍ നിന്നും വലിയ രീതിയില്‍ അകറ്റിയിട്ടുണ്ട്. പരമ്പരാഗതമായി മുന്നണിയെ പിന്തുണച്ചിരുന്ന പല പ്രമുഖ സമുദായ വിഭാഗങ്ങളെയും വ്യക്തികളെയും ശത്രുപക്ഷത്താക്കാന്‍ ഗണേഷിന്റെ നാവ് കാരണമായി. ഇത്തരം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂലമായ സഹതാപതരംഗം ഉണ്ടാക്കാന്‍ സഹായിച്ചതായും സി.പി.ഐ. കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളോട് പലപ്പോഴായി ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണങ്ങളും അനാവശ്യമായ വെല്ലുവിളികളും ജനങ്ങള്‍ക്കിടയില്‍ വിപരീതഫലമാണ് ഉണ്ടാക്കിയത്. ജനപ്രതിനിധിക്ക് ഉണ്ടാകേണ്ട വിനയത്തിന് പകരം ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമാണ് അദ്ദേഹം പുറത്തെടുത്തത്. ഇതിനുപുറമെ, പത്തനാപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ബി.ജെ.പി. – എസ്.ഡി.പി.ഐ. കൂട്ടുകെട്ടിലൂടെ വന്‍തോതില്‍ വോട്ട് സമാഹരിച്ചതും എല്‍.ഡി.എഫിന്റെ പരാജയത്തിന്റെ ആക്കം കൂട്ടിയതായി യോഗം വിലയിരുത്തി.
കീഴ്കമ്മിറ്റികള്‍ നല്‍കിയ തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറും എല്‍.ഡി.എഫ്. നേതൃത്വവും അമിതമായ ആത്മവിശ്വാസത്തിലായിരുന്നു.

തങ്ങള്‍ ജയിക്കുമെന്ന ഉറപ്പില്‍ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ അലസതയും മന്ദതയും യു.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമാക്കി നല്‍കി. രാഷ്ട്രീയമായ പ്രത്യയശാസ്ത്ര പ്രചാരണങ്ങള്‍ക്ക് പകരം വെറും പണക്കൊഴുപ്പില്‍ മാത്രം വിശ്വസിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് പരാജയത്തിലേക്ക് നയിച്ച മറ്റൊരു പ്രധാന ഘടകമെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.
കുന്നിക്കോട് ഏരിയ കമ്മിറ്റിക്ക് കീഴില്‍ വരുന്ന നാല് പഞ്ചായത്തുകളിലെ ഒന്‍പത് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള മുപ്പതോളം പ്രതിനിധികളാണ് ഗണേഷ് കുമാറിനെ തുളച്ചുകയറുന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്. മണ്ഡലം സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ മണിക്കൂറുകള്‍ നീണ്ട ഗൗരവമേറിയ ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന കര്‍ശന നിലപാടിലാണ് ഭൂരിഭാഗം അംഗങ്ങളും നിലയുറപ്പിച്ചത്.

സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം മുല്ലക്കര രത്‌നാകരന്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ എ.എസ്. ഷാജി, എസ്. വേണുഗോപാല്‍, ജി.ആര്‍. രാജീവന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഗണേഷ് കുമാറിനെതിരെയുള്ള അസംതൃപ്തി യോഗത്തില്‍ പുകഞ്ഞു പുറത്തുചാടിയത്. ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് നേതാക്കളും സമ്മതിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി. അജിത്കുമാറാണ് ഈ നിര്‍ണ്ണായക യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.
സി.പി.ഐ.ക്ക് മുന്‍പ് കഴിഞ്ഞയാഴ്ച കൂടിയ സി.പി.എം. കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിലും ഗണേഷ് കുമാറിന്റെ പ്രവര്‍ത്തനശൈലിക്കെതിരെ സമാനമായ രീതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ അനാവശ്യ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായി സി.പി.എമ്മും വിലയിരുത്തിയിരുന്നു. മുന്നണിയിലെ രണ്ട് പ്രധാന കക്ഷികളും ഒരേപോലെ ഗണേഷിനെതിരെ തിരിഞ്ഞത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്.