
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികള്‍ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമസഭയില്‍ നടത്തിയത്.
മലയാളത്തിലാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രസംഗം ആരംഭിച്ചത്. പത്ത് വർഷത്തിനു ശേഷം അധികാരത്തിലേറിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് നടക്കുന്നത്. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പൊലീസ് ബാൻഡ് വായിച്ചത്. ഗവർണർ പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരത്തിന്റെ പൂർണഭാഗം ആലപിക്കണമെന്ന ലോക്ഭവൻ നിർദേശം തള്ളിയായിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നല്‍കുകയും ചെയ്യും. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കാനും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരില്‍ ഓരോ കുടുംബത്തിനും വർഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കാനും സർക്കാർ തീരുമാനിച്ചു.
കൂടാതെ, യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പകളും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്തെ ആദ്യത്തെ പ്രത്യേക വകുപ്പും രൂപീകരിക്കും. വികസനവും ജനക്ഷേമവും സമതുലിതമായി കൊണ്ടുപോകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും ഗവർണർ വ്യക്തമാക്കി.
കേരളത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാ ചിത്രീകരണ കേന്ദ്രമാക്കി മാറ്റുന്നതിനായി സർക്കാർ സമഗ്രമായ ഒരു സിനിമാനയം രൂപീകരിക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സിനിമാ നിർമ്മാണത്തിനുള്ള ആനുകൂല്യങ്ങള്‍, വിദേശ രാജ്യങ്ങളുമായുള്ള സഹ-നിർമ്മാണ കരാറുകള്‍, ഫിലിം ടൂറിസം വികസനം എന്നിവയിലൂടെ മലയാള സിനിമയെ ആഗോളതലത്തില്‍ ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി സിനിമാ നിർമ്മാണം, ആനിമേഷൻ, വിഷ്വല്‍ ഇഫക്റ്റുകള്‍, ഗെയിമിംഗ്, ഡിജിറ്റല്‍ മീഡിയ തുടങ്ങിയ ക്രിയേറ്റീവ് മേഖലകളെ ഒരു കുടക്കീഴില് കൊണ്ടുവരുന്ന അത്യാധുനികമായ ഒരു ‘മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്ബും’ സർക്കാർ വികസിപ്പിക്കും. ആനിമേഷൻ-വിഎഫ്എക്സ് മേഖലകളിലെ യുവ പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം, 60 വയസ്സിന് മുകളിലുള്ള സാംസ്കാരിക പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കും.
കൂടാതെ, സംസ്ഥാനത്തുടനീളം സ്ഥിരം തിയേറ്ററുകള്‍ നിർമ്മിക്കാനും അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഡിജിറ്റല്‍ ആർട്ട് മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.







