
എറണാകുളം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമുണ്ടായ ഇ.ഡി റെയ്ഡിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയ സി.പി.ഐ(എം) നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകരെയാണ് പ്രതിചേർത്തിരിക്കുന്നത്.
ഇന്നലെ രാവിലെ 11 മണിയോടെ സി.പി.ഐ(എം) എറണാകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലെത്തി. മാർച്ചിൽ പങ്കെടുത്തവർ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 173 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011ലെ കേരള പബ്ലിക് വേയ്‌സ് ആക്ട് സെക്ഷൻ 6ഉം ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആർ ആണ് പരാതിക്കാരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group







