
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമസംഭവം തടയുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. വീണ വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നതിന് മണിക്കൂറുകൾക്കുശേഷമാണ് അക്രമം ഉണ്ടായതെന്നും അത് തടയാൻ കഴിയാതിരുന്നത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐഒ കേസ് കെട്ടിച്ചമച്ചതല്ലെന്നും ആദായനികുതി വകുപ്പ് സിഎംആർഎൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രൂപപ്പെട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. കേസിൽ വീണ വിജയന് ഡിഡിയായി 1.76 കോടി രൂപ ലഭിച്ചതിന്റെ കണക്കുകൾ പുറത്തുവന്നിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട പരിശോധനകളാണ് ഇഡി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ അത് വിജയിക്കില്ലെന്നും തിരുവനന്തപുരത്തെ ആക്രമണത്തിന് സിപിഎം നേതാക്കളുടെ നേതൃത്വമുണ്ടായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരള പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര കൃത്യവിലോപമാണെന്നും ആഭ്യന്തരവകുപ്പ് നിലപാട് തിരുത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







