
ഇടുക്കി: മനസ്സിനെ കുളിരണിയിക്കുന്ന മഞ്ഞും തണുത്ത കാറ്റും പെയ്തു തോരാത്ത മഴച്ചാറ്റലും.
ഈ ഭംഗി ആസ്വദിക്കാൻ മലയോര മേഖലകള്‍ തന്നെയാണ് എപ്പോഴും നല്ലത്. എന്നാല്‍ ഈ മഴക്കാലത്ത് ഇടുക്കിയിലെ മലനിരകളിലൂടെ ഒരു യാത്ര പോകുമ്പോള്‍ ഡാം കൂടി ഒന്ന് കണ്ടാലോ.
പ്രകൃതിഭംഗി തുളുമ്പുന്ന ഇടുക്കിയിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാഴ്ച്ചകളിലൊന്നാണ് ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇടുക്കി ഡാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയായി വർഷത്തില്‍ ചില പ്രത്യേക സീസണുകളില്‍ മാത്രമാണ് ഇടുക്കി ഡാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുള്ളത്. എന്നാല്‍ മണ്‍സൂണ്‍ സമയത്ത് പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന ഈ സുന്ദരമായ ഡാം സന്ദർശിക്കാൻ നിങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചാല്‍ അത് മിസ്സാക്കരുത്.
ഈ വരുന്ന ദിവസങ്ങളില്‍ ഇഡുക്കി ഡാം കാണാൻ നിങ്ങള്‍ക്ക് പൂർണമായും അനുവാദം ലഭിച്ചിരിക്കുകയാണ്. യാത്രയ്ക്ക് മുമ്പായി അറിഞ്ഞിരിക്കേണ്ട സമയക്രമം, ടിക്കറ്റ് നിരക്കുകള്‍, യാത്രാ വിവരങ്ങള്‍ എന്നിവ നോക്കാം.
നാളെ മുതല്‍ മെയ് 31 വരെ നാല് ദിവസത്തേക്കാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുക്കള്‍ സന്ദർശിക്കാൻ അധികൃതർ അനുവാദം നല്‍കിയിരിക്കുന്നത്. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബഗ്ഗി കാർ സൗകര്യമുണ്ടാവില്ല എന്നത് ശ്രദ്ധിക്കണം. അതിനാല്‍ അണക്കെട്ട് നടന്നു കാണാൻ മാത്രമെ അനുവാദമുണ്ടാകു.
രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് സന്ദർശകർക്ക് അണകെട്ടിലേക്ക് പ്രവേശനം.
പാറേമാവില്‍ കൊലുമ്പൻ സമാധിക്ക് മുന്നിലൂടെയുള്ള വഴിയിലൂടെയാണ് അണകെട്ടിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ചെറുതോണി അണക്കെട്ടിൻ്റെ കവാടത്തിനു സമീപമുള്ള പാർക്കിങ് ഏരിയയില്‍ സ്വകാര്യ വാഹനങ്ങളുമായി എത്തുന്നവർ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ മണിക്കൂറില്‍ പരമാവധി 500 പേരെ മാത്രമേ അണക്കെട്ടിലേക്ക് കടത്തിവിടുകയുള്ളൂ. ഒരു ദിവസം 3000 പേർക്ക് അവസരമുണ്ടാകും.
ഇനി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്നുണ്ടെങ്കില്‍ അതിനുള്ള അവസരവുമുണ്ട്. ഓണ്‍ലൈനായി https://www.keralahydeltourism.com attractions/link/5/16 എന്ന ഓണ്‍ലൈൻ സൈറ്റിലൂടെ പ്രവേശനത്തിനുള്ള ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സ്പോട്ട് ബുക്കിങ് സൗകര്യവുമുണ്ട്. മുതിർന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്, കുട്ടികള്‍ക്ക് 25ഉം. ക്യാമറകളും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും മറ്റും അണക്കെട്ടിലേക്കു കൊണ്ടുപോകാൻ അനുവാദം ഉണ്ടാവില്ല. ഇവ സൂക്ഷിക്കാൻ അണക്കെട്ടിന്റെ കവാടത്തില്‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡാം സന്ദർശകർക്കായി സുരക്ഷാ നിർദ്ദേശങ്ങള്‍
ഡാമിന് മുകളിലേക്ക് മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഒന്നുംതന്നെ കൊണ്ടുപോകാൻ സാധിക്കില്ല. ഇവ കൗണ്ടറുകളില്‍ സൂക്ഷിക്കുക.
രണ്ട് ഡാമുകളും കണ്ട് തീർക്കാൻ ഏകദേശം 2 മുതല്‍ 3 കിലോമീറ്റർ വരെ നടക്കേണ്ടി വരും. മഴയായതിനാല്‍ കുടയോ റെയിൻ കോട്ടുകളും കൈയ്യില്‍ കരുതണം.
ഡാം പരിസരം പൂർണ്ണമായും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ ഉള്ളിലേക്ക് കൊണ്ടുപോകാതിരിക്കുക.
സുരക്ഷാ കാരണങ്ങളും മഴ മുന്നറിയിപ്പും പരിശോധിച്ച ശേഷം മാത്രമെ യാത്ര തിരിക്കാവൂ. ഇടുക്കി ഡാമിലേക്ക് പോകുന്നതിന് മുൻപ് നിലവില്‍ ഡാം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കണം.
കാലാവസ്ഥ പ്രവചനങ്ങളും ഡാം തുറന്നുവിട്ടിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്.







