Spread the love

എ കെ ശ്രീകുമാർ

video
play-sharp-fill

കോട്ടയം: തിരഞ്ഞെടുപ്പ് ട്രാൻസ്ഫർ പണിഷ്‌മെന്റ് ട്രാൻസ്ഫറായി മാറിയതിൽ പൊലീസ് ഉദ്യോഗസ്ഥരിൽ അമർഷം ശക്തം. സംസ്ഥാനത്ത് എസ് ഐ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ട്രാൻസ്ഫറിന്റെ പേരിൽ തലങ്ങും വിലങ്ങും തട്ടിയിട്ട് നാല് മാസം കഴിഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കോട്ടയത്തേയ്ക്കും, കോട്ടയത്തു നിന്നുള്ളവരെ ഇടുക്കിയിലേക്കും ,ആലപ്പുഴയ്ക്കും, കൊല്ലത്തേക്കുമാണ് തട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഉദ്യോഗസ്ഥർ വീട്ടുകാര്യങ്ങൾ നോക്കാനും, മക്കളെയും, കുടുംബത്തേയും കാണാനും, മാതാപിതാക്കളെ പരിചരിക്കാനും ദിവസങ്ങൾ അവധി എടുക്കേണ്ട അവസ്ഥയിലായി.

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുളളത്. കുട്ടികളുടെ അഡ്മിഷൻ തരപ്പെടുത്താൻ പോലീസ് ഉദ്യോഗസ്ഥർ നെട്ടോട്ടത്തിലാണ്. എന്നാൽ പോസ്റ്റിങ്ങ് ലഭിക്കുന്ന സ്ഥലം അറിയാത്തതിനാൽ കുട്ടികളെ സ്കൂളിൽ ചേർത്തതിനുശേഷം വീണ്ടും സ്കൂൾ മാറ്റേണ്ടി വരുമോ എന്ന ധർമ്മസങ്കടത്തിലാണ് ഇവർ. ഇതോടെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസം പെരുവഴിയിലായി.

വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് രണ്ടാഴ്ച്ചയാകുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്
സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാന്‍ മാത്രം ഇതുവരെയും നടപടിയായില്ല.

പല പൊലീസ് ഉദ്യോഗസ്ഥരുടേയും മാതാപിതാക്കൾ ഗുരുതരമായതും അല്ലാത്തതുമായ രോഗങ്ങൾക്ക് അടിമപ്പെട്ടവരാണ്. ഇവർക്ക് യഥാസമയം ചികിൽസ നല്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ പോലും സാധിക്കുന്നില്ല.

എസ്ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനു മുമ്പ് മറ്റ് ജില്ലകളിലേക്കു മാറ്റിയത്. സ്വന്തം ജില്ലകളില്‍ ഉള്ളവര്‍ അതേ ജില്ലയിൽ ജോലിചെയ്യാന്‍ പാടില്ലെന്നുള്ള നിയമപ്രകാരമാണ് സ്ഥലംമാറ്റം.

എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇവര്‍ക്ക് തിരികെ സ്ഥലംമാറ്റം നല്‍കാന്‍ സർക്കാർ തയ്യാറാവുന്നില്ലെന്നാണ് പരാതി.

സാധാരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് നേരത്തെയുണ്ടായിരുന്ന ജില്ലയിലേക്ക് തിരികെ സ്ഥലംമാറ്റം നല്‍കാറുണ്ട്. എന്നാല്‍, ഇത്തവണ ഇത് നീണ്ടുപോവുകയാണ്.