
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സിപിഐഎം നേതാവ് കെകെ ശൈലജ. ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം. ഇത്തരം റെയ്ഡ് കൊണ്ട് സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല. കോൺഗ്രസിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും. പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു. സിപിഐഎമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കുകയാണ് ചെയ്യുക എന്നും കെകെ ശൈലജ വ്യക്തമാക്കി. അതേസമയം റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഐഎം.
പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ പ്രതിഷേധം ആളി കത്തുകയാണ്. കോഴിക്കോടും കണ്ണൂരും എറണാകുളത്തും ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.റെയ്ഡിനെതിരെ സിപിഐഎം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. ബിജെപി സർക്കാരിൻ്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം എക്സിൽ കുറിച്ചു. ഇത്തരം നടപടികൾ പിണറായി വിജയനെയോ പാർട്ടിയെയോ ഭയപ്പെടുത്തില്ലെന്നും സിപിഐഎം എക്സിൽ കുറിച്ചു.






