
അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട നടപടിയിൽ പ്രതികരണവുമായി മധുവിന്റെ സഹോദരി സരസു. ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സുപ്രീംകോടതിയെ സമീപിക്കുമെന്നും സഹോദരി വ്യക്തമാക്കി. അതേസമയം മധുവിന്റെ കൊലപാതക കേസിൽ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ആണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ സന്തോഷമെന്നും മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും അവർ പറഞ്ഞു.
പ്രതികൾക് വധ ശിക്ഷവേണമെന്ന് ആവശ്യപ്പെട്ട് മേൽ കോടതിയിലേക്ക് പോകുമെന്ന് മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ സി കെ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ കേസ് നടത്തുന്നതിൽ പൂർണ പരാജയം. സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിന്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 16ആം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ആം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.






